രാജസ്ഥാനിൽ രാസവസ്തുക്കൾ നിറച്ച ട്രക്കും ഗ്യാസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം; വൻ തീപിടുത്തം; നിരവധി പേർക്ക് പരിക്ക്
ജയ്പൂർ: രാജസ്ഥാനിൽ നടന്ന വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ജയ്പൂരിലാണ് ദാരുണ അപകടം നടന്നത്. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപ്കഠം നടന്നത്. സംഭവത്തിൽ നാല് പേർ വെന്ത് മരിച്ചു. 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പത്തിലധികം വാഹനങ്ങൾ കത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
ജയ്പൂർ-അജ്മീർ ഹൈവേയിലാണ് വാഹനാപകടം ഉണ്ടായത്. പെട്രോൾ പമ്പിന് സമീപം രാസവസ്തുക്കൾ നിറച്ച ട്രക്ക് ഗ്യാസ് ലോറിയും മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും 37 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
ഭാൻക്രോട്ട മേഖലയിലെ പെട്രോൾ പമ്പിലേയ്ക്ക് തീ പടർന്നതായി പോലീസ് വ്യക്തമാക്കി. ഇവിടെ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഒടുവിൽ 20 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.