'എനിക്ക് ഭയമില്ല, ഖേദമില്ല; സനാതന ധര്‍മത്തെ പരിഹസിച്ചതിന്റെ പ്രതികരണം'; ചീഫ് ജസ്റ്റിസിനെ ചെരിപ്പെറിഞ്ഞ പ്രതി രാകേഷ് കിഷോറിന്റെ പ്രതികരണം
'എനിക്ക് ഭയമില്ല, ഖേദമില്ല; സനാതന ധര്‍മത്തെ പരിഹസിച്ചതിന്റെ പ്രതികരണം'
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ചെരിപ്പെറിഞ്ഞതില്‍ ഖേദമോ ഭയമോ ഇല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രതി രാകേഷ് കിഷോര്‍. സനാതന ധര്‍മവുമായി ബന്ധപ്പെട്ട ഹരജിയെ ബി.ആര്‍. ഗവായി പരിഹസിച്ചതിന്റെ പ്രതികരണമാണിതെന്നും പ്രതി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
'ഞാന്‍ ഭയപ്പെടുന്നില്ല, ഖേദിക്കുന്നുമില്ല. സംഭവസമയത്ത് മദ്യപിച്ചിരുന്നില്ല. സെപ്റ്റംബര്‍ 16ന് ഫയല്‍ ചെയ്ത ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയെ ചീഫ് ജസ്റ്റിസ് പരിഹസിച്ചതിനോടുള്ള പ്രതികരണമായാണ് ചെരിപ്പെറിഞ്ഞത്. സനാതന ധര്‍മവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ 'തല പുനഃസ്ഥാപിക്കാന്‍ പോയി വിഗ്രഹത്തോട് പ്രാര്‍ത്ഥിക്കൂ' എന്ന് പരിഹസിച്ചതാണ് തന്നെ വേദനിപ്പിച്ചത്. ഹരജിക്കാര്‍ക്ക് ആശ്വാസം നല്‍കിയില്ലെങ്കിലും അവരെ പരിഹസിക്കരുത്' -രാകേഷ് കിഷോര്‍ പറഞ്ഞു.
സനാതന ധര്‍മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചാണ് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഇയാള്‍ ചെരിപ്പെറിഞ്ഞത്. 71 വയസ്സുള്ള രാകേഷ് കിഷോറാണ് അതിക്രമം നടത്തിയത്. ചെരിപ്പ് എറിയുന്നതിനിടെ സുപ്രീംകോടതി സുരക്ഷാ ജീവനക്കാര്‍ അഭിഭാഷകനെ തടഞ്ഞു.
എന്നാല്‍, ഇതൊന്നുംതന്നെ ബാധിക്കില്ലെന്നും നടപടി വേണ്ടതില്ലെന്നും വ്യക്തമാക്കി ചീഫ് ജസ്റ്റിസ്, താന്‍ കേട്ടുകൊണ്ടിരുന്ന കേസിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. പ്രതി 2011 മുതല്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അംഗമാണ്. മൂന്ന് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത ശേഷം നടപടി വേണ്ടതില്ലെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിയെ വിട്ടയച്ചു.
മധ്യപ്രദേശില്‍ ഖജുരാഹോയിലെ ക്ഷേത്രത്തില്‍ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മുമ്പ്, ചീഫ് ജസ്റ്റിസ് അത് ദൈവത്തോട് പോയി പറയൂ എന്ന് അഭിപ്രായപ്പെട്ടിരുന്നു. 'പബ്ലിസിറ്റിക്കുവേണ്ടിയുള്ള കേസ് മാത്രമാണിത്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. ഭഗവാന്‍ വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ' എന്നുമായിരുന്നു കേസില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത്. തന്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റ് അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും സുരക്ഷ ജീവനക്കാര്‍ പിടിച്ചുകൊണ്ടുപോകുന്നതിനിടെ രാകേഷ് കിഷോര്‍ പറഞ്ഞു.