തെലങ്കാനയില്‍ അണക്കെട്ടിന് പിന്നിലെ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; എട്ടുതൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയം; നിരവധി പേരെ രക്ഷപ്പെടുത്തി; രക്ഷാദൗത്യം ആരംഭിച്ചു; ഉള്ളില്‍ കുടുങ്ങിയവരുമായി ബന്ധപ്പെടാന്‍ ഇനിയും സാധിച്ചില്ല
തെലങ്കാനയില്‍ അണക്കെട്ടിന് പിന്നിലെ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങി. ശ്രീശൈലം അണക്കെട്ടിന് പിന്നിലുള്ള ടണലിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. ചോര്‍ച്ച അടയ്ക്കാന്‍ ചില തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. എട്ടു തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയെന്നാണ് സംശയം. അതേസമയം, നിരവധി പേരെ രക്ഷപ്പെടുത്താനും സാധിച്ചു.
തുരങ്കത്തില്‍ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. തൊഴിലാളികളെ പുറത്തുകൊണ്ടുവരാന്‍ രക്ഷാദൗത്യം ആരംഭിച്ചു. 10 മീറ്ററോളം ഭാഗത്ത് തുരങ്കം ഇടിഞ്ഞെന്നും, 200 മീറ്ററിലേറെ മണ്ണുപടര്‍ന്നുകിടക്കുന്നുവെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു
നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.
ഉള്ളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആഭ്യന്തര ആശയ വിനിമയ സംവിധാനവും തകരാറിലായി. എയര്‍ ചേംബറും കണ്‍വേയര്‍ ബെല്‍റ്റും തകര്‍ന്നു.
അപകടത്തില്‍, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം പ്രകടിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്ന് പറഞ്ഞെങ്കിലും ക്യത്യമായ കണക്കുകള്‍ വ്യക്തമാക്കിയില്ല. ജലസേചന മന്ത്രി എന്‍ ഉത്തം കുമാറും മറ്റുദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് പ്രത്യേക ഹെലികോപ്ടറില്‍ തിരിച്ചിട്ടുണ്ട്.