ടാറ്റ ഏറ്റെടുത്തതിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടെന്നാണ് കരുതിയത്, എന്നാലത് തെറ്റി; എയര്‍ ഇന്ത്യക്കെതിരെ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

എയര്‍ ഇന്ത്യക്കെതിരെ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

Update: 2025-02-22 14:25 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. എയര്‍ ഇന്ത്യയില്‍ കേന്ദ്രമന്ത്രിക്ക് പൊട്ടിയ സീറ്റ് നല്‍കിയതാണ് വിവാദമായത്. ഭോപ്പാലില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് കേന്ദ്രമന്ത്രിക്ക് പൊട്ടിയ സീറ്റ് നല്‍കിയത്. ഇത്തരമൊരു മോശം അനുഭവം യാത്രക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം വിമാനത്തിനകത്ത് വെച്ച് തന്നെ ജീവനക്കാരെ ധരിപ്പിച്ചെന്നും പൊട്ടിയ സീറ്റില്‍ എന്തുകൊണ്ട് ടിക്കറ്റ് അനുവദിച്ചു എന്ന് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ച് അദ്ദേഹം എക്‌സില്‍ കുറിപ്പിടുകയും ചെയ്തു. അതേസമയം മന്ത്രിക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും എയര്‍ലൈന്‍ അറിയിക്കുന്നു. എന്നാല്‍ തനിക്ക് മാത്രമല്ല, സമാനമായ സീറ്റുകള്‍ വേറെയും കണ്ടെന്നും മന്ത്രി വ്യക്തമാക്കി.

' സഹയാത്രികര്‍ എന്റെ സീറ്റ് മാറ്റി മെച്ചപ്പെട്ടൊരു സീറ്റില്‍ ഇരിക്കാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷേ എന്റെ പേരില്‍ മറ്റൊരു സുഹൃത്തിനെ ഞാന്‍ എന്തിന് ബുദ്ധിമുട്ടിക്കണം? ഇതേ സീറ്റില്‍ ഇരുന്നുകൊണ്ട് യാത്ര പൂര്‍ത്തിയാക്കാം എന്ന് ഞാന്‍ തീരുമാനിച്ചു, ടാറ്റ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ സേവനം മെച്ചപ്പെടുമെന്നായിരുന്നു എന്റെ ധാരണ, പക്ഷേ അത് തെറ്റായിരുന്നു'- അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഭാവിയില്‍ ഒരു യാത്രക്കാരനും ഇത്തരം അസൗകര്യങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ മാനേജ്മെന്റ് നടപടികള്‍ സ്വീകരിക്കുമോ അതോ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള യാത്രക്കാരുടെ നിര്‍ബന്ധം മുതലെടുക്കുന്നത് ഇത്തരം സീറ്റുമായി എയര്‍ഇന്ത്യ മുന്നോട്ട് പോകുമോ എന്നും അദ്ദേഹം ചോദിച്ചു. ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് സാധാരണയായി ഒന്നര മണിക്കൂറാണ് സമയം. 2022 ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നത്.

Tags:    

Similar News