അസമിലെ പിഡബ്ല്യുഡി ജീവനക്കാരി ആത്മഹത്യ ചെയ്തു; 'വ്യാജ ബില്ലുകള്‍' ക്ലിയര്‍ ചെയ്യുന്നതിനായി മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നതായി ആത്മഹത്യാ കുറിപ്പില്‍; രണ്ട് പേര്‍ അറസ്റ്റില്‍
അസമിലെ പിഡബ്ല്യുഡി ജീവനക്കാരി ആത്മഹത്യ ചെയ്തു
ബൊംഗൈഗാവ്: അസമിലെ ബൊംഗൈഗാവ് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പില്‍ (പിഡബ്ല്യുഡി) ജോലി ചെയ്യുന്ന വനിതാ എഞ്ചിനീയറെ മരിച്ച നിലയില്‍ കണ്ടെത്തി. 30കാരിയായ ജോഷിത ദാസ് ആണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. പിഡബ്ല്യുഡി - ഹൗസിംഗില്‍ ജൂനിയര്‍ എഞ്ചിനീയറായിരുന്ന യുവതി, ഒരു വര്‍ഷത്തോളമായി ഇവിടെ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
യുവതിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 'വ്യാജ ബില്ലുകള്‍' ക്ലിയര്‍ ചെയ്യുന്നതിനായി മേലുദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതുമൂലമുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും യുവതി എഴുതിയ കത്തില്‍ ആരോപിക്കുന്നു. പൂര്‍ത്തിയാവത്ത പ്രവൃത്തികളുടെ ബില്ലുകള്‍ ക്ലിയര്‍ ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തില്‍ പരാമര്‍ശിച്ച രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഗൊസ്സായിഗാവ് നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ബൊര്‍സോജ്ഗാവില്‍ ഒരു സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു കരാറുകാരന്റെ ബില്ലുകള്‍ ക്ലിയര്‍ ചെയ്യാനാണ് ഇവര്‍ ജോഷിതയെ നിര്‍ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.