സ്വത്തവകാശം ഭരണഘടനാപരമായ അവകാശം; മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരാളുടേയും ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി
മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരാളുടേയും ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരാളുടെുയം ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വത്തവകാശം ഭരണഘടനാപരമാണെന്നും നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ അധികാരം വഴിയല്ലാതെ ഒരു വ്യക്തിയുടേയും സ്വത്ത് അപഹരിക്കരുതെന്ന് ആര്‍ട്ടിക്കിള്‍ 300 എ വ്യവസ്ഥ ചെയ്യുന്നു. ബംഗളൂരു-മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലില്‍ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീംകോടതി.
1978ലെ 44 ാം ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറി. എന്നാല്‍ ഒരു ക്ഷേമ രാഷ്ട്രത്തില്‍ സ്വത്തവകാശം മനുഷ്യാവകാശമായും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300 എ പ്രകാരം ഭരണഘടനാപരമായ അവകാശമായും തുടരുന്നുവെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കലിന് 2003 ജനുവരിയില്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും 2005 നവംബറില്‍ ഹര്‍ജിക്കാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീംകോടതി മുമ്പാകെ അപ്പീല്‍ നല്‍കിയ ഭൂമുടമകള്‍ക്ക് കഴിഞ്ഞ 22 വര്‍ഷത്തിനിടെ നിരവധിത്തവണ കോടതിയുടെ വാതിലുകളില്‍ മുട്ടേണ്ടി വന്നു. എന്നാല്‍ യാതൊരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും സ്വത്തുക്കള്‍ നഷ്ടപ്പെട്ടുവെന്നും സുപ്രീംകോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 142 പ്രകാരം 2019 ഏപ്രില്‍ 22ലെ മാര്‍ക്കറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനും ബെഞ്ച് നിര്‍ദേശിച്ചു.