ദുരന്തമായി മാറിയ വിനോദയാത്ര: കര്‍ണാടക അണക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട ഏഴു പേരില്‍ ഒരാളെ രക്ഷപ്പെടുത്തി; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

ദുരന്തമായി മാറിയ വിനോദയാത്ര

Update: 2025-10-08 08:44 GMT

മംഗളുരു: കര്‍ണാടകയിലെ തുമകുരുവില്‍ മാര്‍ക്കോണഹള്ളി അണക്കെട്ടില്‍ നിന്ന് താഴേക്ക് ഒഴുകിയെത്തിയ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായ 7 പേരില്‍ ഒരാളെ രക്ഷപ്പെടുത്തി. 2 പേരുടെ മൃതദേഹം കണ്ടെത്തി. 4 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അവധി ആഘോഷത്തിനെത്തിയ തുമകൂരുവില്‍ നിന്നുള്ള 15 അംഗ സംഘത്തില്‍ നിന്നുള്ള 7 പേരാണ് ദുരന്തത്തില്‍പ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴുപേര്‍ അണക്കെട്ടിന് താഴെയുള്ള വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു. ഈ സമയം കുഴല്‍ വഴി അപ്രതീക്ഷിതമായി വെള്ളം തുറന്നുവിടുകയും ശക്തമായ ജലപ്രവാഹത്തില്‍ ഏഴുപേരും ഒലിച്ചുപോവുകയുമായിരുന്നുവെന്ന് തുമകൂരു പൊലീസ് സൂപ്രണ്ട് അശോക് കെ വി അറിയിച്ചു.

ഒഴുക്കില്‍പ്പെട്ട ഏഴുപേരെയും രക്ഷിക്കാന്‍ പൊലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. നവാസ് എന്നയാളെ രക്ഷപ്പെടുത്തി ആദിചുഞ്ചനഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട നവാസിനെ കൂടാതെ ഒഴുക്കില്‍പ്പെട്ടവരെല്ലാം സ്ത്രീകളും പെണ്‍കുട്ടികളുമാണെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും കാണാതായ നാലുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. ജലപ്രവാഹത്തിലെ പെട്ടെന്നുള്ള സ്വാഭാവിക വര്‍ധനവാണ് സംഭവത്തിന് കാരണമെന്ന് ഡാം എഞ്ചിനീയര്‍മാര്‍ പറയുന്നു.

Tags:    

Similar News