എന്തുകൊണ്ട് കാൽ തൊട്ട് വന്ദിച്ചില്ല?; രാവിലത്തെ അസംബ്ലി കഴിഞ്ഞെത്തിയ പിള്ളേർക്ക് എല്ലാം മുളവടി പ്രയോഗം; പ്രതിഷേധവുമായി രക്ഷിതാക്കൾ; പിന്നാലെ അധ്യാപികയ്ക്ക് സസ്പെൻഷൻ
മയൂർഭഞ്ച്: ഒഡീഷയിലെ മയൂർഭഞ്ചിലുള്ള സർക്കാർ വിദ്യാലയത്തിൽ രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം അധ്യാപികയുടെ കാൽ തൊട്ട് വന്ദിക്കാതെ ക്ലാസ് മുറിയിലേക്ക് പോയെന്ന് ആരോപിച്ച് ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ 31 വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. മുളവടി ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കൈകളിലും പുറത്തുമായിരുന്നു മർദ്ദനമേറ്റത്. വ്യാഴാഴ്ച നടന്ന സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ സ്കൂൾ മാനേജ്മെന്റ് നടത്തിയ അന്വേഷണത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തത്.
രാവിലെ നടന്ന പ്രാർത്ഥനാ സമ്മേളനത്തിന് ശേഷം ക്ലാസുകളിലേക്ക് പോയ വിദ്യാർത്ഥികളെ അധ്യാപിക പിന്തുടർന്നെത്തിയാണ് മർദ്ദിച്ചത്. മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ ശരീരത്തിലുണ്ടായിരുന്ന പാടുകൾ കണ്ടതിനെ തുടർന്നാണ് മാതാപിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചത്.
2004 സെപ്റ്റംബർ മുതൽ ഒഡീഷ സംസ്ഥാനത്ത് വിദ്യാർത്ഥികളെ വടികൊണ്ട് തല്ലുന്നത് വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നടന്ന സംഭവം വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.