വിവാഹശേഷം അവഗണിച്ചതോടെ പ്രണയപ്പക; കാമുകന്റെ ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തി യുവതി
വിവാഹശേഷം അവഗണിച്ചതോടെ പ്രണയപ്പക; കാമുകന്റെ ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തി യുവതി
ഹൈദരാബാദ്: പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിന്റെ ഭാര്യയെയും ആറുമാസം പ്രായമുള്ള മകനെയും തീകൊളുത്തി കൊന്ന് യുവതി. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 28കാരിയായ യുവതിയും ചികിത്സയിലിരിക്കെ ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.
പ്രതിയായ യുവതി കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായി നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ വിവാഹം കഴിഞ്ഞതോടെ ഇയാള്‍ തന്നെ അവഗണിച്ചതില്‍ പ്രകോപിതയായാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പെട്രോള്‍, കത്തി, മുളകുപൊടി എന്നിവയുമായാണ് പ്രതി യുവാവിന്റെ വീട്ടിലെത്തിയത്. യുവാവ് വീട്ടിലില്ലാതിരുന്ന സമയത്ത് അകത്തുകയറിയ പ്രതി ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അമ്മയ്ക്കൊപ്പം ഉണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനും സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രതിയായ യുവതി മുന്‍പ് വിവാഹിതയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷമാണ് ഇവര്‍ യുവാവുമായി പ്രണയത്തിലായത്. സംഭവസമയത്ത് വീട്ടിലില്ലാതിരുന്ന ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.