'ഹര ഹര മഹാദേവ' ഉറക്കെ വിളിക്കണം'; ഡൽഹി-കൊൽക്കത്ത വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ക്യാബിൻ ക്രൂ അംഗങ്ങളോടും സഹയാത്രികരോടും മോശമായി പെരുമാറി; യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി

Update: 2025-09-03 07:43 GMT

ന്യൂഡൽഹി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങളോടും സഹയാത്രികരോടും ഇയാൾ മോശമായി പെരുമാറിയതായും റിപ്പോർട്ടുണ്ട്.

31ഡി സീറ്റിലിരുന്ന യാത്രക്കാരൻ മദ്യലഹരിയിലായിരുന്നു. വിമാനത്തിൽ പ്രവേശിച്ചതു മുതൽ 'ഹര ഹര മഹാദേവ' എന്ന് ഉറക്കെ വിളിക്കണമെന്ന് സഹയാത്രികരോടും ജീവനക്കാരോടും ഇയാൾ ആവശ്യപ്പെട്ടു. ഇയാൾ ഒരു അഭിഭാഷകനാണെന്ന് സൂചനയുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ, ശീതളപാനീയത്തിന്റെ ഒരു കുപ്പി ഒളിപ്പിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. കുപ്പിയിൽനിന്ന് യാത്രക്കാരൻ മദ്യം സേവിക്കുന്നത് ജീവനക്കാർ കണ്ടതോടെ ചോദ്യം ചെയ്യുകയായിരുന്നു.

എന്നാൽ, താൻ 'ഹര ഹര മഹാദേവ' എന്ന് ചൊല്ലിയത് വെറും അഭിവാദ്യമായിട്ടാണെന്നും അതിന് മതപരമായ ഉദ്ദേശ്യമില്ലായിരുന്നെന്നും യാത്രക്കാരൻ വാദിച്ചു. യാത്രയ്ക്കിടയിൽ മദ്യപിച്ചിട്ടില്ലെന്നും ഡൽഹി വിമാനത്താവളത്തിൽനിന്ന് കയറുന്നതിന് മുൻപ് ബിയർ കഴിച്ചിട്ടുണ്ടെന്നും അതിൻ്റെ രസീത് കൈവശമുണ്ടെന്നും ഇയാൾ കൂട്ടിച്ചേർത്തു. ജീവനക്കാർക്കും ഇയാൾക്കുമെതിരെ പരസ്പരം പരാതികളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Similar News