'അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിക്കുന്നത്, കടുത്ത നഷ്ടബോധം തോന്നുന്നു'; അന്വേഷണം വേണമെന്നും മമത ബാനർജി
കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ വിയോഗത്തിൽ അനുശൊണം രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ന് പുലർച്ചെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയുണ്ടായ അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരാണ് മരണപ്പെട്ടത്. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണം വേണമെന്നും മമത എക്സിൽ കുറിച്ചു.
അടിയന്തരമായി വിമാനം ഇറക്കാൻ ശ്രമിക്കുന്നതിനിടെ ബാരാമതി വിമാനത്താവളത്തിൽ വെച്ചായിരുന്നു അപകടം. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേർക്കും ജീവൻ നഷ്ടപ്പെട്ടു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മമതാ ബാനർജി, സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്.
"അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹയാത്രികരും ബാരാമതിയിൽ ഇന്ന് പുലർച്ചെയുണ്ടായ വിമാനദുരന്തത്തിൽ മരിച്ചു. കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരൻ ശരദ് പവാറിനെയും അജിത്തിന്റെ മുഴുവൻ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം," മമത തന്റെ കുറിപ്പിൽ ആവശ്യപ്പെട്ടു.