വിസ്‌കി കലര്‍ത്തി ഐസ്‌ക്രീം വില്‍പ്പന; സോഷ്യല്‍ മീഡിയയിലൂടെ പരസ്യ പ്രചരണം; പാര്‍ലര്‍ ഉടമയടക്കം 3 പേര്‍ അറസ്റ്റില്‍

60 ഗ്രാം ഐസ് ക്രീമില്‍ 100 മില്ലി എന്നയാളവില്‍ വിസ്‌കി കലര്‍ത്തി

By :  Rajeesh
Update: 2024-09-06 11:32 GMT

ഹൈദരാബാദ്: ഐസ്‌ക്രീം പാര്‍ലറില്‍ നിന്നും വിസ്‌കി കലര്‍ത്തിയ ഐസ്‌ക്രീം പിടിച്ചെടുത്തു. ഹൈദരാബാദിലെ എക്സൈസ് വകുപ്പിന്റെ നടപടിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജൂബിലി ഹില്‍സ് പ്രദേശത്തെ ഐസ്‌ക്രീം പാര്‍ലറില്‍ നിന്നാണ് വിസ്‌കി കലര്‍ത്തിയ ഐസ്‌ക്രീം പിടികൂടിയത്. 60 ഗ്രാം ഐസ് ക്രീമില്‍ 100 മില്ലി എന്നയാളവില്‍ വിസ്‌കി കലര്‍ത്തിയായിരുന്നു വില്‍പ്പന. പതിവിനെക്കാള്‍ കൂടുതല്‍ വില ഈടാക്കിയാണ് ഈ ഐസ്‌ക്രീം വില്‍പ്പന നടന്നിരുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കി കടയിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നതായും കൂടുതല്‍ ഉപഭോഗ്താക്കളെ ആകര്‍ഷിക്കുന്നതിനായിട്ടായിരുന്നു സാമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണമെന്നും എക്‌സൈസ് അറിയിച്ചു. ഫേസ്ബുക്കായിരുന്നു ഇതിനായി പ്രധാനമായി ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ വിറ്റിരുന്ന ഐസ് ക്രീം വാങ്ങാനായി നിരവധി പേരാണ് പാര്‍ലറിലേക്ക് എത്തിയിരുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ ഉണ്ടായിരുന്നെന്നാണ് വിവരം.

പാര്‍ലറില്‍ നിന്ന് 11.50 കിലോഗ്രാം വിസ്‌കി ഐസ്‌ക്രീമാണ് പിടിച്ചെടുത്തു. ശരത് ചന്ദ്ര റെഡ്ഡി എന്നയാളുടെ ഉടമസ്ഥതയിലുള്ള പാര്‍ലറില്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ദയാകര്‍ റെഡ്ഡി, ശോഭന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നല്‍കാനായുള്ള ഐസ്‌ക്രീമാണ് ഇങ്ങനെ തയ്യാറാക്കിയതെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഈ ഐസ്‌ക്രീം വിറ്റിട്ടില്ലെന്നും പാര്‍ലര്‍ ഉടമകള്‍ വിശദീകരിച്ചു.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ ഇവിടെ നിന്നും സ്ഥിരം ഐസ്‌ക്രീം വാങ്ങിയിരിക്കാമെന്ന സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.

Tags:    

Similar News