വിധേയമായത് അഞ്ച് ശസ്ത്രക്രിയകൾക്ക്; തലച്ചോറിൽ തന്നെ തുടർച്ചയായി സർജറി; അണുബാധയെ തുടർന്ന് പഴുപ്പ് കെട്ടി; ഭക്ഷണം കഴിക്കുന്നതുപോലും മറന്നു; ഒടുവിൽ വർഷങ്ങൾക്ക് ശേഷം എല്ലാം പഠിച്ചെടുത്ത് യുവതി
ജയ്‌പൂർ: യുവതിയുടെ തലച്ചോറിൽ തുടർച്ചയായി ചെയ്തത് അഞ്ച് ശസ്ത്രക്രിയകൾ. ഇതോടെയാണ് രാജസ്ഥാൻ സ്വദേശിയായ 31കാരി പദ്മജയുടെ ഓർമ്മ എല്ലാം നഷ്ടമായത്. അടിസ്ഥാന കാര്യങ്ങളുൾപ്പെടെ എല്ലാം പദ്മജ മറന്നുപോയി. ഒടുവിൽ നടക്കാനോ എഴുതാനോ വായിക്കാനോ പോലും അറിയാതെയായി. തലച്ചോറിൽ ഉണ്ടായ ബാക്റ്റീരിയയെ തുടർന്നാണ് പഴുപ്പ് നിറഞ്ഞ് വീക്കം വന്നത്. ഇതിനെ തുടർന്നാണ് യുവതിക്ക് ശസ്ത്രക്രിയ വേണ്ടി വന്നത്.
2017ലാണ് പദ്മജക്ക് കഠിനമായ തലവേദന വരുന്നത്. തുടർന്ന് പല ഡോക്ടർമാരെയും സമീപിച്ചു. ഒടുവിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ തലച്ചോറിൽ ബാക്ടീരിയ ബാധിച്ചെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. വളരെ അപൂർവമായി ഉണ്ടാകുന്ന ഒരുതരം രോഗമാണിത്. ഇതുമൂലമാണ് തലച്ചോറിൽ പഴുപ്പ് നിറഞ്ഞ് വീക്കം വന്നത്. രോഗത്തെത്തുടർന്ന് ഉടൻ തന്നെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദ്ദേശം നൽകുകയായിരുന്നു.
ആദ്യത്തെ സർജറി 2017ലാണ് ചെയ്തത്. അതിനുശേഷം 40 ദിവസത്തിനിടെ 4 തവണ ശസ്ത്രക്രിയ ചെയ്തു. പിന്നീട് നാല് മാസങ്ങൾക്ക് ശേഷമാണ് അഞ്ചാമത്തെ ശസ്ത്രക്രിയ ചെയ്യുന്നത്. ഇതോടെയാണ് എല്ലാ കാര്യങ്ങളും പദ്മജ മറന്നുപോയത്. പഠിക്കുന്ന കാലത്താണ് യുവതിക്ക് അസുഖം ബാധിക്കുന്നത്. അഭിനയവും ഫോട്ടോഗ്രഫിയും ഇഷ്ടപെടുന്ന പദ്മജ പഠിച്ചതും ഈ മേഖലകളിൽ തന്നെയാണ്. ഫോട്ടോഗ്രഫർ എന്ന നിലയിൽ ശ്രദ്ധനേടി വരുമ്പോഴായിരുന്നു അസുഖം വരുന്നതും ശസ്ത്രക്രിയകൾക്ക് വിധേയയാവേണ്ടി വന്നതുമെന്ന് പദ്മജ പറയുന്നു.
ഭക്ഷണം കഴിക്കുന്നതുൾപ്പെടെ അടിസ്ഥാന കഴിവുകളെല്ലാം മറന്നുപോയിരുന്നു. ഒരു വർഷത്തോളം ജോലിയിൽ നിന്നും മാറിനിന്നാണ് പിതാവ് തന്നെ ഓരോ കാര്യങ്ങൾ പഠിപ്പിച്ചെടുത്തത്. കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. കുട്ടികൾ പഠിക്കുന്നതുപോലെ തുടക്കം മുതൽ ഓരോന്നായി പഠിക്കുകയായിരുന്നു. ഏഴ് വർഷമെടുത്താണ് താൻ കാര്യങ്ങൾ പഠിച്ചെടുത്തതെന്നും പദ്മജ വ്യക്തമാക്കുന്നു.