ക്ഷേത്രത്തിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം; പിന്നാലെ കാണാതായി; ഒടുവിൽ യുവതിയുടെ മൃതദേഹം പുഴയിൽ; സംഭവം കൊല്ലൂരില്‍
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രപരിസരത്ത് നിന്ന് കാണാതായ ബംഗളൂരു സ്വദേശിനി വസുധ ചക്രവർത്തിയുടെ (45) മൃതദേഹം സൗപർണിക നദിയിൽ കണ്ടെത്തി. ഓഗസ്റ്റ് 27-ന് ബംഗളൂരുവിൽ നിന്ന് കൊല്ലൂരിലെത്തിയ യുവതിയെ ക്ഷേത്രപരിസരത്ത് നിന്ന് കാണാതായതിനെത്തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
അസ്വാഭാവിക പെരുമാറ്റത്തെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഓടിപ്പോയ വസുധയെ പിന്നീട് കണ്ടെത്താനായില്ല. അമ്മ വിമല നൽകിയ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ചിലർ യുവതി പുഴയിൽ ചാടുന്നത് കണ്ടതായി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ്, അഗ്നിരക്ഷാസേന, മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പുഴയിൽ യുവതി ചാടിയെന്ന് സംശയിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഈ സംഭവം പ്രദേശത്ത് വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.