'അടുത്ത തവണ ശ്രദ്ധിക്കണം, നീ ഇവിടെ പുതിയ ആളായതുകൊണ്ടാണ്'; സവാരിക്ക് അമിത ചാർജ് ഈടാക്കി, പിന്നാലെ യുവതിക്ക് ഡ്രൈവറുടെ വക ഉപദേശം; സോഷ്യൽ മീഡിയയിൽ വൈറലായി ആ ടാക്സി യാത്ര

Update: 2026-01-28 06:40 GMT

മുംബൈ: മുംബൈയിലെ തിരക്കേറിയ തെരുവുകളിൽ ടാക്സി ഡ്രൈവർമാർ യാത്രക്കാരെ പറ്റിക്കുന്നത് പുതിയ വാർത്തയല്ല. എന്നാൽ, തന്നെ പറ്റിച്ച ഡ്രൈവറെക്കുറിച്ചുള്ള ഒരു യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. വെറും ഏഴ് മിനിറ്റ് യാത്രയ്ക്ക് അമിത നിരക്ക് ഈടാക്കിയ ശേഷം, ഭാവിയിൽ ആരും തന്നെ പറ്റിക്കാതിരിക്കാൻ യുവതിക്ക് 'ക്ലാസ്സ്' എടുത്തു കൊടുത്ത ഒരു ടാക്സി ഡ്രൈവറാണ് ഇപ്പോൾ താരം.

താൻ 40 രൂപ അധികം വാങ്ങി എന്ന് മീറ്റർ കാണിച്ചു ബോധ്യപ്പെടുത്തി സമ്മതിച്ച ഡ്രൈവർ, "നീ ഇവിടെ പുതിയ ആളായതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞു തരുന്നത്" എന്ന ഉപദേശവും നൽകിയാണ് മടങ്ങിയത്. മുദ്രിക എന്ന യുവതിക്കാണ് മുംബൈയിൽ ഈ വിചിത്ര അനുഭവം നേരിട്ടത്. ക്രഫോർഡ് മാർക്കറ്റിൽ നിന്ന് ചർച്ച്ഗേറ്റിലേക്കുള്ള ഏഴ് മിനിറ്റ് യാത്രാ ദൂരത്തിനാണ് ടാക്സി ഡ്രൈവർ അമിത നിരക്ക് ഈടാക്കിയത്. യാത്രയ്ക്ക് ഡ്രൈവർ ആദ്യം 200 രൂപ ആവശ്യപ്പെടുകയും, പിന്നീട് 150 രൂപയിൽ എത്തുകയും ചെയ്തതായി മുദ്രിക 'എക്സി'ൽ (മുൻപ് ട്വിറ്റർ) കുറിച്ചു.

ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ, ഡ്രൈവർ യുവതിക്ക് ലഭിക്കേണ്ടിയിരുന്ന മീറ്റർ റീഡിംഗ് കാണിക്കുകയും, താൻ 30-40 രൂപ അധികം വാങ്ങിയെന്ന് സമ്മതിക്കുകയും ചെയ്തു. "നോക്കൂ, മീറ്ററിൽ 110 രൂപ മാത്രമേ കാണിക്കുന്നുള്ളൂ. അടുത്ത തവണ നീ എവിടെയെങ്കിലും പോകുമ്പോൾ മീറ്ററിട്ട് മാത്രമേ പോകാവൂ. നീ ഇവിടെ പുതിയ ആളായതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞു തരുന്നത്. ശ്രദ്ധിക്കണം," ഡ്രൈവർ ഉപദേശിച്ചതായി മുദ്രിക പറയുന്നു.

ഡ്രൈവറുടെ ഈ സമീപനം തന്നെ അമ്പരപ്പിച്ചെന്നും പുതിയൊരു പാഠം പഠിച്ചതായും യുവതി വ്യക്തമാക്കി. ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും നിരവധി പേർ അഭിപ്രായങ്ങളുമായി എത്തുകയും ചെയ്തു. മുംബൈയിൽ നിങ്ങളെ പറ്റിച്ചാലും അത് സത്യസന്ധമായിട്ടായിരിക്കും എന്നതടക്കമുള്ള രസകരമായ പ്രതികരണങ്ങളാണ് പലരും പങ്കുവെച്ചത്.

Tags:    

Similar News