തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൻ്റെ മുൻവശത്ത് യുവതിയുടെ മൃതദേഹം; അപകട മരണമെന്ന് പ്രാഥമിക നിഗമനം; മൃതദേഹം തിരിച്ചറിഞ്ഞു; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2024-11-30 05:10 GMT

ചെന്നൈ: തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൻ്റെ മുൻവശത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. ലോക്കോമോട്ടീവിന്റെ മുൻവശത്തായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ പെരമ്പൂർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരാണ് ട്രെയിനിന് മുന്നിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് ട്രെയിൻ പെരമ്പൂർ സ്റ്റേഷനിൽ എത്തിയതെന്നാണ് അധികൃതർ പറയുന്നത്. അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനം.

യുവതിയുടെ തലമുടി ലോക്കോമോട്ടീവിന്റെ ഗ്രില്ലിൽ കുടുങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. അതേസമയം മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

തമിഴ്‌നാട്ടിലെ അമ്പത്തൂർ സ്വദേശിനിയായ 22കാരി കാതറിൻ ഷീബയുടേതാണ് മൃതദേഹം. വെപ്പേരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് കാതറിൻ ഷീബ. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവതിയുടെ മരണ കാരണം കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയും സമാനമായ അപകടം നടന്നിരുന്നു. തിരുവൊട്ടിയൂർ റെയിൽവേ സ്‌റ്റേഷന് സമീപമായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി മരിച്ചു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Tags:    

Similar News