കുടുംബാംഗങ്ങൾക്കൊപ്പം സംസാരിച്ചിരിക്കുമ്പോൾ ഭർത്താവ് 'കുരങ്ങ്' എന്ന് വിളിച്ച് കളിയാക്കി; മുറിയിലേക്ക് പോയി വാതിലടച്ച 21കാരി എത്ര വിളിച്ചിട്ടും പുറത്ത് വന്നില്ല; ജീവനൊടുക്കിയത് മോഡലിംഗ് പ്രിയയായ യുവതി
ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാർ. ഇന്ദിരാനഗർ സ്വദേശി രാഹുൽ ശ്രീവാസ്തവയുടെ ഭാര്യ തന്നു സിംഗ് (24) ആണ് മരിച്ചത്. രാഹുൽ തന്നെ 'കുരങ്ങ്' എന്ന് വിളിച്ച് കളിയാക്കിയതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണമായ സംഭവം. സീതാപൂരിലെ ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയ ശേഷം കുടുംബാംഗങ്ങൾ സംസാരിച്ചിരിക്കുകയായിരുന്നു. ഈ സംഭാഷണത്തിനിടെ രാഹുൽ തന്നുവിനെ 'കുരങ്ങ്' എന്ന് വിളിച്ച് പരിഹസിച്ചു. ഇതിൽ പ്രകോപിതയായ തന്നു മുറിയിലേക്ക് പോയി വാതിലടച്ചു. തുടർന്ന് രാഹുൽ ഭക്ഷണം വാങ്ങാനായി പുറത്തേക്ക് പോയി.
തിരികെ എത്തിയ രാഹുൽ തന്നുവിനെ വിളിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടത്. സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് തന്നുവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വാതിൽ തകർത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് വർഷം മുൻപായിരുന്നു രാഹുലിന്റെയും തന്നുവിന്റെയും വിവാഹം. പ്രണയിച്ച് വിവാഹിതരായ ഇവർക്ക് കുട്ടികളില്ല.
ഓട്ടോ ഡ്രൈവറായ രാഹുലിനൊപ്പം സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും എന്നാൽ ഇത്തരം ചെറിയ കളിയാക്കലുകൾ തന്നുവിനെ മാനസികമായി വിഷമിപ്പിച്ചിരുന്നതായും സഹോദരി അഞ്ജലി പറഞ്ഞു. മോഡലിംഗിൽ അതീവ താല്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു തന്നു. സംഭവത്തിൽ നിലവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും പോലീസ് അറിയിച്ചു.