15കാരിയെ വഴിയിൽ തടഞ്ഞു നിർത്തി; ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി വായ് മൂടിക്കെട്ടി; പിന്നാലെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു; ക്രൂരതയ്ക്ക് പിന്നിൽ മൂന്നംഗ സംഘം; പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്

Update: 2025-08-03 12:39 GMT

ഭുവനേശ്വർ: ഒഡിഷയിൽ പുരി ജില്ലയിൽ യുവാക്കൾ ചേർന്ന് തീകൊളുത്തി ചികിത്സയിലായിരുന്ന 15കാരി മരിച്ചു. ജൂലൈ 19ന് പുരി ജില്ലയിലെ ബലംഗയിൽ ആണ് സംഭവം. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടിയുടെ മരണം. പെൺകുട്ടിക്ക് 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് പെൺകുട്ടിയെ തീകൊളുത്തിയതെന്നാണ് സൂചന. പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

ജൂലൈ 19നായിരുന്നു സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഭാർഗവി നദിക്കടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് പ്രതികൾ പെൺകുട്ടിയെ തടഞ്ഞു നിർത്തുകയും ബലമായി നദീ തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. ശേഷം ഒരു തൂവാല കൊണ്ട് വായ് മൂടിക്കെട്ടി തീകൊളുത്തുകയായിരുന്നു. തുടർന്ന് അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്ത് ഡല്‍ഹി എയിംസില്‍ എത്തിക്കുകയായിരുന്നു. എയിംസില്‍ ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍, ഒഡീഷ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കുറ്റവാളികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ മരണം. ആശുപത്രിയിൽ വെച്ച് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കുപ്പി മണ്ണെണ്ണയും ഒരു വെള്ളി മോതിരവും പോലീസ് കണ്ടെടുത്തു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ബിജു ജനതാദൾ എയിംസിന് മുന്നിൽ പ്രകടനം നടത്തി. നേരത്തെ പെൺകുട്ടിയുടെ ചികിത്സാ ചെലവുകൾ വഹിക്കുമെന്ന് ഒഡീഷ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുരി പോലീസ് കേസിൽ അന്വേഷണം നടത്തി വരികയാണ്. 

Tags:    

Similar News