ഒരിക്കല്‍ പള്ളി കഴിഞ്ഞ് വന്നപ്പോള്‍ അവന്‍ വീട്ടിലുണ്ടായിരുന്നു; അവന്‍ ശരിയല്ലെന്ന് മോളെ ഗുണദോഷിച്ചിട്ടും കേട്ടില്ല; ആദ്യം മൂക്കിന്റെ പാലം തകര്‍ത്തു; പിന്നീട് കണ്ണിലും ചെവിയിലും നെറ്റിയിലുമെല്ലാം പാടുകള്‍; വീടിനുള്ളില്‍ 19 കാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ വെളിപ്പെടുത്തലുകള്‍
വീടിനുള്ളില്‍ 19 കാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ വെളിപ്പെടുത്തലുകള്‍
കൊച്ചി: വീടിനുള്ളില്‍ പോക്‌സോ അതിജീവിതയായ പത്തൊമ്പതുകാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അമ്മ. ആണ്‍സുഹൃത്ത് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. നേരത്തെ ഉണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ വീണാണ് മുറിവുണ്ടായതെന്നാണ് പറഞ്ഞത്.
19 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തില്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണെന്ന് അമ്മ പറഞ്ഞു. 'ഒരിക്കല്‍ പള്ളി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവന്‍ ഈ വീട്ടിലുണ്ടായിരുന്നു. മകളെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സമ്മതിക്കാമെന്നും പറഞ്ഞു. ആദ്യം വീട്ടുകാരോട് ഇവിടെ വന്ന് സംസാരിക്കാന്‍ പറ, അല്ലെങ്കില്‍ ഞാന്‍ നിന്റെ വീട്ടില്‍ വന്ന് സംസാരിക്കാം എന്നു പറഞ്ഞപ്പോള്‍ മൂന്ന് നാല് വര്‍ഷം സമയം വേണമെന്നായിരുന്നു അവന്റെ മറുപടിയെന്ന് അമ്മ. അതൊരു നല്ല കാര്യമായി തോന്നിയില്ല. ഇവനെ പിന്നീട് നേരിട്ട് കണ്ടിട്ടില്ല. തലയോലപ്പറമ്പ് സ്വദേശിയാണ്, പേര് അനൂപ് എന്നാണെന്ന് മാത്രം അറിയാം. ഈ ബന്ധം വേണ്ടെന്ന് പലപ്പോഴായി മകളോട് പറഞ്ഞിട്ടും അവള്‍ കേട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആണ്‍സുഹൃത്ത് മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ ഈ ബന്ധം ശാശ്വതമല്ലെന്ന് മകളെ ഉപദേശിച്ചു. ആദ്യം മൂക്കിന്റെ പാലം തകര്‍ത്തു. പിന്നിടൊരുവട്ടം ഇടത് ചെവിയില്‍ പരുക്ക് കണ്ടു. കണ്ണിന്റെ ഭാഗത്ത്, നെറ്റിയില്‍ എന്നിങ്ങനെ പലപ്പോഴായി മകളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടപ്പോള്‍ ചോദിച്ചതാണ്. വീണു എന്നുമാത്രമായിരുന്നു മറുപടി. എനിക്ക് അന്നുമുതല്‍ സംശയമുണ്ട്. വീണാല്‍ ഇങ്ങനെ പരുക്കുണ്ടാകില്ലെന്നുറപ്പാണ്. പറയാവുന്ന രീതിയിലെല്ലാം ഗുണദോഷിച്ചു. ഇത്രയും പ്രായമായതല്ലേ എനിക്കും ശാരീരിക മാനസിക ബുദ്ധിമുട്ടുകളുണ്ട്. എല്ലാത്തിനും ഒരു പരിധിയില്ലേ'? അമ്മ ചോദിച്ചു.
ഒരു മകള്‍ മാത്രമാണ് തനിക്കുള്ളത്, വിധവയാണ്. എന്റെ ജീവനേക്കാള്‍ അവളുടെ ജീവനുവേണ്ടിയാണ് ഞാന്‍ ഓരോന്നും ചെയ്തിട്ടുള്ളത്. ഇപ്പോള്‍ പോലും ഞാന്‍ ജീവനോടെയുള്ളത് കൊണ്ടാണ് നിങ്ങളോട് ഇതെല്ലാം വെളിപ്പെടുത്താന്‍ കഴിഞ്ഞതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അമ്മയും മകളും മാറിയാണ് താമസം. മകളുടെ ആണ്‍സുഹൃത്തിനെ പേടിച്ചാണ് വീട് മാറിയതെന്നും അവര്‍ പറഞ്ഞു. തലച്ചോറിന് പരുക്കേറ്റ പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.
നിലവില്‍ ബലാത്സംഗം, വധശ്രമമടക്കമുള്ള വകുപ്പുകളാണ് കേസില്‍ പൊലീസ് ചുമത്തിയിട്ടുള്ളത്. രാവിലെയാണ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാത്രി പത്തേകാലോടെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തര്‍ക്കത്തിനൊടുവില്‍ താന്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. മര്‍ദനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ഷാള്‍ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചു. ഷാള്‍ മുറിച്ചിട്ട ശേഷം താന്‍ രക്ഷപെട്ടു എന്നും ഇയാള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴി ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ലഹരി കേസില്‍ അടക്കംപ്രതിയാണ്.
വീടിനുള്ളില്‍ ഞായറാഴ്ചയാണ് പോക്സോ കേസിലെ ഇരയായ 19കാരിയെ അവശനിലയില്‍ കണ്ടെത്തിയത്. അര്‍ദ്ധനഗ്‌നയായി കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവില്‍ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.