കാമുകനുമായുള്ള ബന്ധം മനസ്സിലാക്കിയ സെക്യൂരിറ്റി ജീവനക്കാരൻ ഉപദേശിച്ചത് വിരോധമായി; തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും പെൺകുട്ടി കള്ള മൊഴി നൽകി; 75കാരൻ വിചാരണത്തടവുകാരനായി ജയിലിൽ കിടന്നത് 285 ദിവസം; ഒടുവിൽ പൊട്ടിക്കരഞ്ഞ് സ്കൂൾ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ; കാമുകനെതിരെ കേസ്

Update: 2025-07-30 17:40 GMT

ആലപ്പുഴ: 75 വയസ്സുകാരനെ പെൺകുട്ടി പോക്‌സോ കേസിൽ കുടുക്കിയത് കാമുകനെ രക്ഷിക്കാനായി. പെൺകുട്ടിയുടെ കള്ള മൊഴിയിൽ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന് പോക്‌സോ കേസിൽ വിചാരണത്തടവുകാരനായി 285 ദിവസമാണ് ജയിലിൽ കഴിയേണ്ടിവന്നത്. താൻ നേരത്തെ തെറ്റായ മൊഴിയാണു നൽകിയതെന്നു സ്കൂൾ വിദ്യാർഥിനിയായ അതിജീവിത കോടതിയിൽ പറഞ്ഞതിനെ തുടർന്ന്

75 വയസ്സുകാരനെ കുറ്റക്കാരനല്ലെന്നു കണ്ടു കോടതി വിട്ടയച്ചു. ആലപ്പുഴ നോർത്ത് പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ആലപ്പുഴ പോക്‌സോ കോടതി ജഡ്‌ജിയും അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജിയുമായ റോയ് വർഗീസ് ഇന്നലെ വിധി പറഞ്ഞത്. തെറ്റായ മൊഴി നൽകിയതെന്നു പെൺകുട്ടി വെളിപ്പെടുത്തിയതോടെ കാമുകനെതിരെ കേസെടുത്തിട്ടുണ്ട്.

2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടുപേരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. നഗരത്തിലെ സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന വയോധികൻ പെൺകുട്ടിയുടെ വീട്ടിൽ സഹായങ്ങൾ ചെയ്തിരുന്നു. ആ കാലത്തു വയോധികൻ തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും പെൺകുട്ടി കൂട്ടുകാരോടു പറഞ്ഞിരുന്നു. തുടർന്നാണ് പോലീസ് വയോധികനെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു കോടതി ജാമ്യം നിഷേധിച്ചു. ക്രോസ് വിസ്താരം നടത്തുന്നതിനിടയിൽ കരഞ്ഞുകൊണ്ട് പെൺകുട്ടി സത്യം വെളിപ്പെടുത്തുകയായിരുന്നു.

ആണ്‍ സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് വയോധികനെതിരെ മൊഴി നല്‍കിയതെന്ന് കുട്ടി ‌വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. കാമുകനുമായുള്ള ബന്ധം മനസ്സിലാക്കിയ വയോധികൻ തന്നെ ഉപദേശിച്ചതിന്റെ വിരോധത്തിലും കാമുകനെ രക്ഷിക്കാനുമാണു തെറ്റായ മൊഴി നൽകിയതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. ഇതോടെ കേസ് വീണ്ടും അന്വേഷിക്കാൻ നോർത്ത് പോലീസിനു കോടതി നിർദേശം നൽകി. പുനരന്വേഷണത്തിൽ വയോധികൻ നിരപരാധിയാണെന്ന മൊഴിയിൽ പെൺകുട്ടി ഉറച്ചുനിന്നു.പ്രതിക്കു വേണ്ടി അഭിഭാഷകരായ പി.പി.ബൈജു, ഇ.ഡി.സഖറിയാസ് എന്നിവർ ഹാജരായി. ഈ കേസ് ഇപ്പോള്‍ ചെങ്ങന്നൂരിലെ പോക്സോ കോടതിയുടെ പരിഗണനയിലാണ്.

Tags:    

Similar News