വലിയ കമ്പനികളുടെ സി.എസ്. ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലര്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പല കള്ളങ്ങളിലൂടെ ഈ ഇടുക്കിക്കാരന്‍ തട്ടിയത് 400 കോടി! കേരളത്തില്‍ ഉടനീളം പറ്റിച്ചത് വിഐപികളെ അടക്കം; ഒടുവില്‍ തൊടുപുഴക്കാരന്‍ അനന്ദുകൃഷ്ണന്‍ അഴിക്കുള്ളില്‍
തൊടുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലര്‍ നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലാകുന്നത് പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍. ഇടുക്കി തൊടുപുഴ , കുടയത്തൂര്‍ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണന്‍ (26)നെയാണ് മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത് .മുവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതി ആണ് അനന്ദു. തിരുവനന്തപുരത്ത് അടക്കം തട്ടിപ്പു നടത്തിയെന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തകരെ അടക്കം തട്ടിപ്പില്‍ ഇരകളാക്കിയിട്ടുണ്ട്. വിഐപികള്‍ പോലും ഈ ചതിയില്‍ വീണുവെന്നതാണ് വസ്തുത.
സ്ത്രീകള്‍ക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശി 400 കോടിയോളം രൂപ തട്ടിയതായാണ് പോലീസ് കണ്ടെത്തല്‍. ഇയാളുടെ മൂന്നുകോടിയോളം രൂപയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. മൂവാറ്റുപുഴ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിരുന്നു. മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. പിന്നാലെയാണ് അറസ്റ്റ്. രാജ്യത്തെ എന്‍ജിഒകളുടെ കൂട്ടായ്മ എന്ന് അവകാശപ്പെടുന്ന നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ദേശീയ കോ-ഓര്‍ഡിനേറ്ററെന്നാണ് അനന്തുകൃഷ്ണന്‍ പറഞ്ഞിരുന്നത്.
50,000 രൂപ നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപയുടെ സ്‌കൂട്ടര്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തില്‍ പണമടച്ച കുറച്ചുപേര്‍ക്ക് വാഹനം നല്‍കി. ഇത് വിശ്വാസ്യത നല്‍കി. പിന്നീട് പണമടച്ച നൂറുകണക്കിന് യുവതികള്‍ക്ക് സ്‌കൂട്ടര്‍ ലഭിച്ചില്ല. അടച്ച പണവും നഷ്ടമായി. പണം കൈപ്പറ്റിയിരുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇയ്യാട്ടില്‍മുക്ക് ശാഖയില്‍ അനന്തകൃഷ്ണന്‍ ആരംഭിച്ച രണ്ട് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. അനന്തുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ബീ വെന്‍ച്വേഴ്സ്, പ്രൊഫഷണല്‍ സര്‍വീസസ് ഇന്നൊവേഷന്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് അക്കൗണ്ട്. 400 കോടിയോളം രൂപയുടെ ഇടപാട് അക്കൗണ്ടുകളിലൂടെ നടന്നതായി കണ്ടെത്തുകയും ചെയ്തു.
മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ മുവാറ്റുപുഴ ബ്ലോക്കിന് കീഴില്‍ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാള്‍ ഉണ്ടാക്കിയ കണ്‍സല്‍ട്ടന്‍സിയിലേക്ക് ടു വീലര്‍ നല്‍കാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 9 കോടിയോളം രൂപ ഇത്തരത്തില്‍ മുവാറ്റുപുഴയില്‍ നിന്ന് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികള്‍ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. 62 സീഡ് സൊസൈറ്റികള്‍ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ട്. മുവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്.
പ്രതിക്കെതിരെ എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക പരാതികള്‍ ലഭിച്ചിരുന്നു. വിവിധ കമ്പനികളുടെ സിഎസ് ആര്‍ ഫണ്ട് ലഭിക്കും എന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി വലിയ തട്ടിപ്പ് നടത്തിയത്. കേസ് രെജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പല കമ്പനികളും ഇക്കാര്യത്തെ പറ്റി അറിവേ ഇല്ലായിരുന്നു. 2022 മുതല്‍ പൊതുജനങ്ങളെ സ്‌കൂട്ടര്‍,ഹോം അപ്ലൈന്‍സ്, വാട്ടര്‍ ടാങ്ക്‌സ്, ഫേര്‍ട്ടിലൈ സെര്‍സ്,ലാപ്‌ടോപ്, തയ്യല്‍മെഷീന്‍ എന്നിവ 50% ഇളവില്‍ നല്‍കും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.
സ്വന്തം പേരില്‍ വിവിധ കണ്‍സല്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരില്‍ ആണ് ഇടപാടുകള്‍ നടത്തിയത്. പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ ബീ വെന്‍ച്ചുവേര്‍സ് തൊടുപുഴ, സോഷ്യല്‍ ബീ വെന്‍ച്ചുവേര്‍സ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണല്‍ സര്‍വീസ് ഇന്നോവഷന്‍ കളമശ്ശേരി, ഗ്രസ്സ്‌റൂട്ട് ഇന്നോവഷന്‍ കളമശ്ശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകള്‍ അനന്ദു കൃഷ്ണന്‍ സ്വന്തം പേരില്‍ കൈകാര്യം ചെയ്തിരുന്നത്.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആണ് എന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. ഇത് വരെ ഒരു കമ്പനിയില്‍ നിന്നും സി.എസ്.ആര്‍ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചു. ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് വാഹനം നല്‍കാനും പിന്നീട് ആര്‍ഭാടജീവിതത്തിനും സ്വത്തുവകകള്‍ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്
നേരത്തെയും നിരവധി പരാതികള്‍ ഇക്കാര്യത്തിന് പോലീസിന് ലഭിച്ചിരുന്നു. പ്രതിക്കെതിരെ അടിമാലി പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന തട്ടിപ്പ് സമാന തട്ടിപ്പ്‌കേസില്‍ റിമാന്‍ഡില്‍ പോയിരുന്നു. എറണാകുളം കച്ചേരിപടിയില്‍ മറ്റൊരു തട്ടിപ്പിനായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പി.സി.ജയകുമാര്‍ , ,ബിനോ ഭാര്‍ഗവന്‍, സീനിയര്‍ സിപിഓമാരായ സി.കെ.മീരാന്‍ സി കെ, ബിബില്‍ മോഹന്‍, കെ.എ അനസ് എന്നിവര്‍ ഉണ്ടായിരുന്നു.