ശബരിമലയ്ക്ക് പോകാനെന്ന് മേലുദ്യോഗസ്ഥരെ വിശ്വസിപ്പിച്ച് താടി നീട്ടി വളര്‍ത്തി രാജേഷിന്റെ ആള്‍മാറാട്ടം; രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടെയും കൊലപാതക ദിവസം തന്നെ അവധി റദ്ദ് ചെയ്ത് ജോലിക്ക് കയറി ദിവില്‍ കുമാര്‍; ഇരുവരും പരിചയപ്പെട്ടത് പഞ്ചാബില്‍ വച്ച്; അഞ്ചല്‍ കൂട്ടക്കൊല നടപ്പാക്കിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷം
അഞ്ചല്‍ കൂട്ടക്കൊല നടപ്പാക്കിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷം
കൊല്ലം: അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ട പെണ്‍കുഞ്ഞുങ്ങളെയും പ്രതികളായ സൈനികര്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായി. 2006 ഫെബ്രുവരി 10 നാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ, അലയമണ്‍ രജനി വിലാസത്തില്‍, അവിവാഹിതയായ രഞ്ജിനി എന്ന യുവതിയും രണ്ട് ഇരട്ടപെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. ഈ കേസില്‍ സൈനികരായ ഇവര്‍ക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു
പ്രതികളായ രാജേഷ് കുമാറും, ദിവില്‍ കുമാറും പിടിക്കപ്പെടാതിരിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ പഴുതുകള്‍ എല്ലാം അടച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദിവില്‍ കുമാര്‍ 2006, മാര്‍ച്ച് 14 വരെ അവധിയിലായിരുന്നു. എന്നാല്‍, അവധി റദ്ദ് ചെയ്യുന്നതായി സ്വമേധയാ എഴുതി കൊടുത്ത് ഇയാള്‍ കൊലപാതകം നടന്ന ഫെബ്രുവരി 10 ന് രാവിലെ ജോലിയില്‍ തിരികെ പ്രവേശിക്കുകയായിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് ദിവില്‍ കുമാര്‍ വീട്ടിലേക്കെന്ന് പറഞ്ഞ് സൈനിക ക്യാമ്പ് വിട്ടു. രാജേഷ് കുമാറാകട്ടെ ആള്‍മാറാട്ടം ലക്ഷ്യമിട്ട് ശബരിമലയ്ക്ക് പോകാനെന്ന വ്യാജേന മേലുദ്യോഗസ്ഥരില്‍ നിന്ന് അനുമതി വാങ്ങി താടി നീട്ടി വളര്‍ത്തി. എന്നാല്‍, ഇയാള്‍ ശബരിമലയ്ക്ക് പോയില്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
കൊലപാതകവുമായി ബന്ധമില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ദിവില്‍ കുമാറിന്റെ തീവ്രശ്രമം. കൊലപാതകം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍, അതുമായി ബന്ധപ്പെട്ട് വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്യുന്നുവെന്നും, താന്‍ നിരപരാധിയാണെന്ന സത്യം ബോധ്യപ്പെടുത്തണമെന്നും മേലുദ്യോഗസ്ഥരെ ബോധിപ്പിച്ചാണ് രണ്ടാം വട്ടം അവധിയെടുത്ത് മുങ്ങിയത്. ഈ യാത്രയില്‍ ഒപ്പം വന്ന സൈനികന്റെ കണ്ണുവെട്ടിച്ച് ദിവില്‍ കുമാര്‍ ഡല്‍ഹിയില്‍ വച്ച് കടന്നുകളഞ്ഞു.
അതിനിടെ, ട്രെയിനില്‍ വച്ച് പരിചയപ്പെട്ട താടി വച്ച ഒരാളോട് യുവതിയുടെ ശല്യം ഒഴിവാക്കി തരണമെന്ന് പറഞ്ഞെന്നും, എന്നാല്‍ അയാള്‍ കൊലപാതകം നടത്തുമെന്ന് അറിഞ്ഞില്ലെന്നും ചില സുഹൃത്തുക്കളോട് പറഞ്ഞതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ആ ഘട്ടത്തിലും രാജേഷ് കുമാറിന്റെ പേര് ദിവില്‍ പറഞ്ഞിരുന്നില്ല.
വാടക കൊലയാളിയെ സംശയിച്ചു
ട്രെയിനില്‍ വച്ച് ദിവില്‍കുമാര്‍ പരിചയപ്പെട്ട ആള്‍ വാടക കൊലയാളി ആയിരിക്കാമെന്ന സംശയത്തിലായി പൊലീസ്. വാടക കൊലയാളിയുടെ രൂപരേഖ തയ്യാറാക്കുന്നതിനിടയാണ് ദിവില്‍ കുമാര്‍ തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി അറിഞ്ഞത്. പരിശോധനയില്‍ അത് രാജേഷിന്റെ അക്കൗണ്ടാണെന്ന് മനസ്സിലായി. സുഹൃത്തിന്റെ കാര്‍ഡ് ഉപയോഗിച്ച് ദിവില്‍ പണം പിന്‍വലിച്ചതായിരിക്കുമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍, കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ആയൂരില്‍ നിന്നും, ഫെബ്രുവരി 11ന്( കൊലപാതക പിറ്റേന്ന്) തളിപ്പറമ്പില്‍ നിന്നും ഇതേ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തി. രാജേഷ് അവധിയിലാണെന്ന് സൈനിക ക്യാമ്പില്‍ നിന്ന് വിവരം കിട്ടിയതിന് പിന്നാലെ ഫോട്ടോയും പൊലീസിന് കൈമാറിയിരുന്നു. കൊല്ലപ്പെട്ട രഞ്ജിനിയുടെ അമ്മ ശാന്തമ്മയും, പ്രതികള്‍ ബൈക്ക് വാങ്ങിയ തിരുവനന്തപുരത്തെ സ്ഥാപനത്തിലെ ജീവനക്കാരും ഫോട്ടോ തിരിച്ചറിഞ്ഞതോടെയാണ് വാടക കൊലയാളിയല്ല കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചത്.
പിന്നീട് മഹാരാഷ്ട്രയിലെ നാസിക്കിലെ എടിഎം കൗണ്ടറില്‍ നിന്ന് ഫെബ്രുവരി 19 ന് പണം പിന്‍വലിച്ചതായി പൊലീസിന് വിവരം കിട്ടി. നാസിക്കില്‍ പ്രതികള്‍ ഫെബ്രുവരി 25 വരെ താമസിച്ചതായും സൂചന കിട്ടി. പൊലീസ് നാസിക്കില്‍ എത്തിയപ്പോഴേക്കും നാഗ്പൂരിലേക്ക് മുങ്ങി. പിന്നീട് പലവട്ടം പൊലീസിനെ കബളിപ്പിച്ച് ഒരുസംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അവര്‍ കടന്നു. മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. അക്കൗണ്ടില്‍ അവശേഷിച്ച തുകയും പലതവണയായി പിന്‍വലിച്ചു. ഇരുവരും വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. സ്ഥല പരിചയവും ഹിന്ദി കൈാര്യം ചെയ്യാനുളള കഴിവുമാണ് ഉത്തരേന്ത്യയില്‍ ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ ഇരുവര്‍ക്കും തുണയായത്.
ദിവില്‍ കുമാറും രാജേഷും പരിചയപ്പെട്ടത് എങ്ങനെ?
പഞ്ചാബില്‍ സൈന്യത്തില്‍ ജോലി ചെയ്യവേയാണ് രാജേഷും ദിവില്‍ കുമാറും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. മാറി. രാജേഷ് അവധിക്ക് കണ്ണൂരിലെ വീട്ടിലെത്തിയപ്പോള്‍ ദിവില്‍ പോയി കണ്ട് വീട്ടുകാരെ അടക്കം പരിചയപ്പെട്ടു. ദിവില്‍ കുമാര്‍ തന്റെ പ്രശ്‌നങ്ങള്‍ രാജേഷിനോട് തുറന്നുപറഞ്ഞു. അവധിയിലിരിക്കെ ഇരുവരും കൊല്ലത്ത് എത്തുകയായിരുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ രഞ്ജ്ിനിയെയും അമ്മയെയും പരിചയപ്പെട്ട ശേഷം താന്‍ കൊല്ലം സ്വദേശിയായ അനില്‍കുമാറാണെന്ന് തെറ്റിദ്ധരിപ്പിച്ചു. പിന്നീടാണ് വാടക കൊലയാളി എന്ന് സംശയിച്ചയാള്‍ കൊല്ലം സ്വദേശി അനില്‍കുമാര്‍ അല്ലെന്നും കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി രാജേഷ് ആണെന്നും പൊലീസ് കണ്ടെത്തിയത്. അഞ്ചല്‍ സിഐ ഷാനവാസിന്റെ നേതൃത്വത്തിലുളള സംഘമാണ് അത് കണ്ടെത്തിയത്.
19 വര്‍ഷം ഒളിവില്‍
' കൊല്ലപ്പെട്ട രഞ്ജിനിയും അയല്‍ക്കാരനായ ദിവില്‍ കുമാറും പ്രണയത്തിലായിരുന്നു.. അവിവാഹിതയായ രഞ്ജിനിയെ ഗര്‍ഭിണിയാക്കിയ ശേഷം ദിവില്‍ കുമാര്‍ നാടുവിട്ടു. ദിവില്‍ കുമാര്‍ പിതൃത്വം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് രഞ്ജിനിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ദിവിലിന്റെ സുഹൃത്തായ രാജേഷ് അവിടെ അവരെ സഹായിക്കാനെത്തി. കുടുംബത്തിന്റെ വിശ്വാസം രാജേഷ് നേടിയെടുത്തു. ആശുപത്രിയില്‍ ചെലവ് അടക്കം എല്ലാ കാര്യങ്ങളും അയാളാണു നോക്കിയിരുന്നത്. മറ്റ് ആരുടെയും മുന്നില്‍ പ്രത്യക്ഷപ്പെടാതെയാണ് അയാള്‍ നടന്നിരുന്നത്.
രഞ്ജിനി ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വന്നു. സംഭവം നടന്ന ദിവസം രാജേഷ് വീട്ടിലെത്തി. ഈ സമയം രഞ്ജിനിയുടെ അമ്മ പഞ്ചായത്ത് ഓഫിസില്‍ പോവുകയായിരുന്നു. രാജേഷ് വന്നതുകൊണ്ട് സംസാരിച്ചുനിന്ന അവരെ അയാള്‍ നിര്‍ബന്ധിച്ചു ജോലിക്കു പറഞ്ഞയച്ചു. അതിനുശേഷമാണു രഞ്ജിനിയെയും കുട്ടികളെയും കൊന്നത്'- അയല്‍വാസിയും കോണ്‍ഗ്രസ് നേതാവുമായി ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. ഈ കേസില്‍ സൈനികരായ ഇവര്‍ക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു.പത്താന്‍കോട്ട് യൂണിറ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.
2012 ല്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 2006 മുതല്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈന്യത്തിലേക്ക് ഇവര്‍ തിരികെ പോയില്ല. ഇരുവരും രാജ്യത്തിന് പുറത്തേക്ക് പോയി എന്ന ധാരണയിലാണ് അന്വേഷണം തുടര്‍ന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തിയതാണ് വഴിത്തിരിവായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടുന്നത്. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും. ഈ വിവാഹത്തില്‍ ഇവര്‍ക്ക് കുട്ടികളുണ്ട്. അവിടെവെച്ചാണ് സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും
പൊലീസ് പറയുന്നത് ഇങ്ങനെ:
ദിബില്‍കുമാറിന് രഞ്ജിനിയില്‍ 2 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. പക്ഷേ ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ദിബില്‍ കുമാറിനെതിരെ രഞ്ജിനിയും കുടുംബവും പരാതികളുന്നയിച്ചിരുന്നു. കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് തെളിവുകള്‍ നശിപ്പിക്കാനെന്ന ലക്ഷ്യത്തോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം ദിബില്‍കുമാറും രാജേഷും അവിടെയെത്തി 3 പേരെയും കൊലപ്പെടുത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും യുവതിയെയും കഴുത്തറത്താണ് കൊലപ്പെടുത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2006 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇരുവരും അവധിയിലായിരുവെന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യം 50000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പിന്നീടത് രണ്ട് ലക്ഷമാക്കി. കഴിഞ്ഞ 5 വര്‍ഷമായി ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.