താമസിച്ചുവന്നത് അനധികൃതമായി; കൈവശം ഒറിജിനൽ ആധാർ കാർഡ്; വിരലടയാളം വരെ കിറുകൃത്യം; ഞാറയ്ക്കലിൽ വീണ്ടും ബംഗ്ലാദേശ് പൗരൻ പിടിയിൽ; ഒരു നുഴഞ്ഞുകയറ്റക്കാരൻ ഒറിജിനൽ രേഖകൾ സംഘടിപ്പിച്ചതിൽ ദുരൂഹത; അമ്പരന്ന് പോലീസ്; കൊച്ചിയിൽ 'ഓപ്പറേഷൻ ക്ലീൻ' തുടരുന്നു
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ ക്ലീൻ' ന്റെ ഭാഗമായി പരിശോധന തുടരുകയാണ്. ഇപ്പോഴിതാ, രാജ്യത്ത് അനധികൃതമായി താമസിച്ചുവന്നിരുന്ന ഒരു ബംഗ്ലാദേശ് പൗരനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വൈപ്പിൻ ഞാറയ്ക്കലിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യിൽ നിന്ന് ഒറിജിനൽ ആധാർ കാർഡ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ഞാറയ്ക്കലിൽ നിന്നുമാണ് ഒരു ബംഗ്ലാദേശ് പൗരൻ കൂടി പിടിയിലാകുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്ന് ഇയാൾ പോലീസിനോട് തുറന്നുസമ്മതിച്ചിട്ടുണ്ട്. തുടർന്ന് ഇയാളുടെ പക്കലുള്ള ഒറിജിനൽ ആധാർ കാർഡുമായി അക്ഷയ സെന്ററിൽ പോലീസെത്തുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു.
വിരലടയാളവും കൃത്യമായി വന്നത് പോലീസിനെ തന്നെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മറ്റൊരു രാജ്യത്തെ പൗരൻ ഇവിടെ നുഴഞ്ഞു കയറി ഒറിജിനൽ ആധാർ കാർഡ് വരെ സംഘടിപ്പിച്ചത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന തന്നെ കാര്യമാണ്. കൂടുതൽ ബംഗ്ലാദേശികൾ എറണാകുളത്തെ റൂറൽ മേഖലകളിൽ ഇനിയും അനധികൃതമായി നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കഴിഞ്ഞ ദിവസം അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്ത് വരുകയായിരുന്ന 27 ബംഗ്ലാദേശി പൗരൻമാരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും ചേർന്ന് നടത്തിയ റെയ്ഡിലാണ് 27 പേർ വലയിൽ കുടുങ്ങിയത്. ഇവരുടെയെല്ലാം കയ്യിൽ നിന്ന് വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തിരുന്നു. ആധാർ കാർഡുകൾ ഇവർ ബംഗ്ലാദേശിൽ നിന്ന് തന്നെ സംഘടിപ്പിച്ചിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.
മുനമ്പത്ത് നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ 27 പേരും ഇതര സംസ്ഥാന തൊഴിലാളികളെന്ന വ‍്യാജേന മുനമ്പത്തെ ലേബർ ക‍്യാംപിൽ താമസിച്ച് വരുകയായിരുന്നു. കൊച്ചിയിൽ അനധികൃതമായി നിരവധി ബംഗ്ലാദേശികൾ എത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ആരംഭിച്ച 'ഓപ്പറേഷൻ ക്ലീൻ' എന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് നടപടികൾ ഇപ്പോൾ പുരോഗമിക്കുന്നത്.