തടിയാണെന്നു, കറുത്തതാണെന്നും പറഞ്ഞ് നിരന്തരം കളിയാക്കി; സഹപാഠികളുടെ പെരുമാറ്റത്തില്‍ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തില്ല; ഫോണ്‍ ചെയ്യാനെന്ന പേരില്‍ മുകളില്‍ എത്തിയ കുട്ടി അമ്മയുടെ കണ്‍മുന്നില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ചെന്നൈ: 'ഞാനെന്തുകൊണ്ടാണ് ഇങ്ങനെയാകുന്നത്?' ഇതായിരുന്നു കിഷോറിന്റെ അവസാനമായുള്ള ചോദ്യം. പതിനേഴുകാരനായി ജീവിതം കാണാന്‍ തുടങ്ങിയ ഒരു മനസ്സു, നിറത്തെയും ശരീരഭാരത്തെയും മാത്രം കണ്ടു വിധിച്ച കുട്ടികളുടെ മുന്നില്‍ തളര്‍ന്നു വീഴുകയായിരുന്നു. ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികള്‍ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥി അമ്മയുടെ കണ്‍മുന്നില്‍ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്നു ചാടി ജീവനൊടുക്കുകയായിരുന്നു.
ചെത്‌പെട്ട് മഹര്‍ഷി വിദ്യാ മന്ദിര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി കിഷോര്‍ (17) ആണ് മരിച്ചത്. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടര്‍ച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട കിഷോര്‍ വലിയ വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ചു പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും പൊലീസ് പറഞ്ഞു.
ഫോണ്‍ ചെയ്യാനെന്ന പേരില്‍ മുകളിലെത്തിയ വിദ്യാര്‍ഥി മാതാവു നോക്കി നില്‍ക്കെ താഴേക്കു ചാടുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷനും അന്വേഷണം ആരംഭിച്ചു.