തിരക്കേറിയ ബസില്‍ യാത്രചെയ്യവേ യുവാവ് അപമര്യാദയായി പെരുമാറിയെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റു ചെയ്തു യുവതി; വീഡിയോ വൈറലായതോടെ ആത്മഹത്യ ചെയ്തു യുവാവ്; വസ്തുതാ വിരുദ്ധമായ പ്രചാരണത്തില്‍ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് കുടുംബം; ദീപക് വൈറല്‍ കണ്ടന്റിന്റെ ഇരയോ?
തിരക്കേറിയ ബസില്‍ യാത്രചെയ്യവേ യുവാവ് അപമര്യാദയായി പെരുമാറിയെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റു ചെയ്തു യുവതി
കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ബസില്‍വെച്ച് ദീപക് ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ഇത് വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ഞായര്‍ രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപകിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മുറി മുട്ടി നോക്കുമ്പോള്‍ തുറന്നിരുന്നില്ല. അതിന് ശേഷം അയല്‍ക്കാരുടെ കൂടി സഹായത്തോടെ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിപ്പെട്ടത്. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് വടകര പൊലീസില്‍ പരാതിയും നല്‍കി. ബസില്‍നിന്നും യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചു. പിന്നാലെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
തിരക്കുള്ള ബസില്‍ വെച്ചാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോയില്‍ ദീപക് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, വീഡിയോ കണ്ടവരും വ്യത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ദീപക് നിരപരാധിയാണെന്നും, വീഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടതാണെന്നും ബന്ധുക്കള്‍ പറയുന്നു. കണ്ടന്റ് ക്രിയേഷന് വേണ്ടിയാണ് യുവതി വീഡിയോ എടുത്തതെന്നും, ദീപക്കിനെ അറിയുന്നവര്‍ക്ക് അദ്ദേഹം ഇത്തരക്കാരനല്ലെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയില്‍സ് മാനേജര്‍ ആയിരുന്നു ദീപക്. ജോലി സംബന്ധമായ ആവശ്യത്തിന് പോകുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. കണ്ടന്റുക്കാനായി യുവതി മനഃപ്പൂര്‍വ്വം മുന്നോട്ട് കയറിവന്ന് ദീപക്കിനെ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വീഡിയോ പുറത്തുവന്നതോടെ ദീപക്ക് വലിയ മാനസിക വിഷമത്തിലായിരുന്നു. സുഹൃത്തുക്കളോടടക്കം ഇക്കാര്യം പങ്കുവെച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇക്കാര്യത്തെക്കുറിച്ച് പലരോടും സംസാരിച്ചിരുന്നു. ദീപക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിക്കടക്കം ദീപക്കിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. എന്നാല്‍ ബസ് യാത്രയ്ക്കിടെ ദീപക് എന്ന യുവാവ് തന്നോട് മോശമായ രീതിയില്‍ പെരുമാറിയെന്നും, അത് അറിയാതെ പറ്റിയതല്ല മറിച്ച് മനഃപൂര്‍വ്വമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും യുവതി ആരോപിച്ചത്. യുവാവ് പെരുമാറിയത്
ദുരുദ്ദേശ്യത്തോടെയാണെന്ന് ഉറപ്പായതിനാലാണ് താന്‍ വീഡിയോ എടുത്തതെന്നാണ് ഇവരുടെ പക്ഷം.
മറ്റ് സ്ത്രീകള്‍ക്ക് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും യുവതി വ്യക്തമാക്കി. താന്‍ കണ്ടന്റ് ക്രിയേഷന് വേണ്ടിയല്ല വീഡിയോ എടുത്തതെന്നും, അത് പ്രചരിപ്പിച്ചത് ദീപക്കിനെ അപമാനിക്കാനായിരുന്നില്ലെന്നും യുവതി പറഞ്ഞു. യുവാവ് ജീവനൊടുക്കിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും, ഇത്തരമൊരു പരിണതഫലം താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ദീപക്ക് മനഃപ്പൂര്‍വ്വമാണ് തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതി പറയുന്നത്. പൊതുപ്രവര്‍ത്തക കൂടിയാണ് ഈ യുവതി. വടകര സ്വദേശിനിയാണ് യുവതി. മറ്റൊരാള്‍ക്ക് കൂടി ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് യുവതിയുടെ വിശദീകരണം. രക്തം ദാനം ചെയ്യാനായി ആശുപത്രിയിലേക്ക് യാത്ര ചെയ്യവേയാണ് തനിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടി വരികയായിരുന്നുവെന്നുമാണ് യുവതി പറയുന്നത്.
ദീപക്കിനെ അപമാനിച്ചുകൊണ്ടുള്ള ആദ്യ വീഡിയോയ്ക്ക് 20 ലക്ഷത്തിലധികം കാഴ്ചക്കാരാണുള്ളത്. കൂടെ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ആ കുറിപ്പ് ഇങ്ങനെയാണ്:
ഞരമ്പ് രോഗികള്‍ക്കും ഫാന്‍സുള്ള നാടാണ് സാറേ ഇത്.. കുറച്ച് മുമ്പ് ബസ്സില്‍ ഒരു വ്യക്തിയുടെ ഞരമ്പ് രോഗത്തിനു ഇരയായ ഞാന്‍ പ്രസ്തുത സംഭവം വീഡിയോ അടക്കം പോസ്റ്റ് ചെയ്തിരുന്നു.. വളരെ മോശമായ രീതിയിലാണ് പലരും എന്നെ ആക്രമിച്ചത്..
ഈ വീഡിയോ കാണുക.. ആദ്യം അറിയാതെ തട്ടിയ അയാള്‍ രണ്ടാമത് അറിഞ്ഞു തന്നെയാണ് തട്ടിയത്..
എന്നെ നോക്കിയതിന് ശേഷമാണ് മാറിടത്തില്‍ കൈമുട്ട് കൊണ്ട് ഉരസാന്‍ ശ്രമിക്കുന്നത്.. പീഢകര്‍ക്കും, ഞരമ്പ് രോഗികള്‍ക്കുമുള്ളതാണ് ലോകമെങ്കില്‍ എനിക്ക് മറുപടിയില്ല.. ഇത് മനുഷ്യര്‍ കാണാനാണ്.. മാന്യതയുടെ മുഖം മൂടിക്കുള്ളിലെ മൃഗം ഉണരുന്നത് നാട്ടുകാരെ കാണിക്കാനാണ്.. എത്ര വിമര്‍ശിച്ചാലും തെറികള്‍ വിളിച്ചാലും എന്റെ ശരിയില്‍, ഞാന്‍ അനുഭവിച്ചതില്‍ ഞാന്‍ ഉറച്ച് നില്‍ക്കും.. എന്നുമാണ് കുറിപ്പിലുള്ളത്. സമൂഹത്തിനു വിട്ട് തന്നിരിക്കുന്നു എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീഡിയോ പങ്കുവച്ചത്.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ ബസ് സ്റ്റാന്റിലേക്കുള്ള ബസില്‍ കേറിയപ്പോള്‍ മുതല്‍ മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയ്ക്കുള്ള അസ്വസ്ഥത കണ്ടിട്ട് ഞാന്‍ വിഡിയോ ഓണ്‍ ചെയ്തു വച്ചു. അത് അയാള്‍ കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ അങ്ങേരു അവസരങ്ങള്‍ക്കായി കാത്തു നില്‍ക്കുകയായിരുന്നു. ബസ് നിര്‍ത്തി ഇറങ്ങാന്‍ സമയം ആ കൈകള്‍ അറിയാതെ എനിക്ക് നേരെയും വന്നു. ഞാന്‍ ചോദിച്ചു തുടങ്ങിപ്പോഴേക്കും ആള് പെട്ടെന്ന് ഇറങ്ങി ഓടി കളഞ്ഞു. വീഡിയോ പങ്കുവെച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുതും.
