'അച്ഛാ, ഞാന്‍ വെള്ളം നിറഞ്ഞ വലിയൊരു കുഴിയില്‍ വീണിരിക്കുന്നു.. മുങ്ങുകയാണ്, പെട്ടെന്ന് എന്നെ വന്ന് രക്ഷിക്കൂ.. എനിക്ക് മരിക്കണ്ട...'; നൊമ്പരമായി കാറപകടത്തില്‍ കനാലില്‍ വീണ ഐ.ടി ജീവനക്കാരന്റെ അവസാന വാക്കുകള്‍; അപകടത്തിലേക്ക് നയിച്ചത് കനത്ത മൂടല്‍മഞ്ഞും റോഡിലെ റിഫ്ളക്ടറുകളുടെ അഭാവവും
'അച്ഛാ, ഞാന്‍ വെള്ളം നിറഞ്ഞ വലിയൊരു കുഴിയില്‍ വീണിരിക്കുന്നു.. മുങ്ങുകയാണ്, പെട്ടെന്ന് എന്നെ വന്ന് രക്ഷിക്കൂ.. എനിക്ക് മരിക്കണ്ട...'
നോയിഡ: കഠിനമായ മൂടല്‍മഞ്ഞില്‍ നിയന്ത്രണം വിട്ട കാര്‍ മാലിന്യ കുഴിയിലേക്ക് മറിഞ്ഞ് ഐടി ജീവനക്കാരന് ദാരുണാന്ത്യം. നോയിഡ സെക്ടര്‍ 150ന് സമീപം വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവരാജ് മെഹ്ത (27) ആണ് മരിച്ചത്. മരണപ്പെടുന്നതിന് മുമ്പായി യുവരാജ് പിതാവിന് അയച്ച ഓഡിയോ പുറത്തുവന്നത് കണ്ണീരായി മാറുകയാണ്.
അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ യുവരാജ് തന്റെ പിതാവ് രാജ്കുമാര്‍ മെഹ്തയെ ഫോണില്‍ വിളിച്ച് സഹായത്തിനായി നിലവിളിച്ചിരുന്നു. 'അച്ഛാ, ഞാന്‍ വെള്ളം നിറഞ്ഞ വലിയൊരു കുഴിയില്‍ വീണിരിക്കുന്നു. മുങ്ങുകയാണ്, പെട്ടെന്ന് എന്നെ വന്ന് രക്ഷിക്കൂ.. എനിക്ക് മരിക്കണ്ട...' എന്നായിരുന്നു യുവരാജിന്റെ അവസാന വാക്കുകള്‍. മകന്റെ നിലവിളി കേട്ട് പിതാവ് ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.
കഠിനമായ മൂടല്‍മഞ്ഞും റോഡിലെ റിഫ്ളക്ടറുകളുടെ അഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. റോഡിന് സമീപമുള്ള രണ്ട് ഡ്രെയിനേജ് ബേസിനുകളെ വേര്‍തിരിക്കുന്ന ഉയര്‍ന്ന ഭിത്തിയിലിടിച്ച കാര്‍ 70 അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ മുങ്ങിപ്പോയതിനാല്‍ വിഫലമായി. പൊലീസും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ദ്ധരും അടക്കം സ്ഥലത്തെത്തി അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാറും യുവരാജിന്റെ മൃതദേഹവും പുറത്തെടുത്തത്.
സര്‍വീസ് റോഡുകളില്‍ സുരക്ഷാ സൂചനകളോ റിഫ്ളക്ടറുകളോ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് കാണിച്ച് യുവരാജിന്റെ കുടുംബം പരാതി നല്‍കി. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിലെ കുഴികള്‍ മൂടാനോ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാനോ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ ടണ്‍ കണക്കിന് മാലിന്യങ്ങളും അവശിഷ്ടങ്ങളും ഉപയോഗിച്ചാണ് അധികൃതര്‍ കുഴി മൂടിയത്.