പെട്രോള്‍ പമ്പ് അനുവദിക്കാന്‍ എഡിഎം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; 98500 രൂപ നല്‍കി; ക്വാട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തിയതിന് ഉള്‍പ്പടെ ഫോണ്‍ രേഖകള്‍ ഉണ്ട്; ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്
പെട്രോള്‍ പമ്പ് അനുവദിക്കാന്‍ എഡിഎം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു
കണ്ണൂര്‍: ചെങ്ങളായില്‍ പെട്രോള്‍ പമ്പ് അനുവദിക്കാന്‍ കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്. പെട്രോള്‍ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീന്‍ ബാബുവിന് അപേക്ഷ നല്‍കിയെങ്കിലും ആറ് മാസത്തോളം ഫയല്‍ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തി പണം ആവശ്യപ്പെട്ടു എന്നുമാണ് പ്രശാന്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന വിധത്തിലായിരുന്നു കഴിഞ്ഞ ദിവസം പി പി ദിവ്യ ആരോപണം ഉയര്‍ത്തിയതും.
ചേരന്മൂല നിടുവാലൂരില്‍ പെട്രോള്‍ പമ്പ് അനുവദിക്കാനാണ് നവീന്‍ ബാബുവിന് പണം നല്‍കിയത്. പെട്രോള്‍ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീന്‍ ബാബുവിന് അപേക്ഷ നല്‍കിയെങ്കിലും ആറ് മാസത്തോളം ഫയല്‍ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചു. പിന്നീട് ഒക്ടോബര്‍ ആറിന് അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അത് അദ്ദേഹം വിലക്കി. ഗൂഗിള്‍ പേ വഴി അയക്കാം എന്ന് പറഞ്ഞപ്പോഴും സമ്മതിച്ചില്ല. അത്രയും പണം കയ്യില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ രണ്ട് ദിവസത്തിനകം സംഘടിപ്പിച്ച് തന്നാല്‍ മതി എന്ന് പറഞ്ഞു. തന്റെ കയ്യില്‍ ഉള്ള പണവും മറ്റുള്ളവരില്‍ നിന്നും വാങ്ങിയതും ചേര്‍ത്ത് 98500 രൂപ നവീന്‍ ബാബുവിന് ഒക്ടോബര്‍ ആറിന് തന്നെ നല്‍കിയെന്നും പ്രശാന്ത് പറയുന്നു.
അദ്ദേഹം ക്വാട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തിയതിന് ഉള്‍പ്പടെ ഫോണ്‍ രേഖകള്‍ ഉണ്ട്. എന്നാല്‍ പണം കൈമാറിയത് വീട്ടിനകത്ത് വെച്ചാണെന്നും അതിനാല്‍ തെളിവില്ലെന്നും പ്രശാന്ത് തന്നെ പറയുന്നുത. പണം കൊടുത്തില്ലെങ്കില്‍ ഒരു കാരണവശാലും ഇത് കിട്ടില്ല അതിന് വേണ്ടത് ചെയ്‌തേ പോകൂ എന്ന് പറഞ്ഞ് അന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ പണം നല്‍കിയെന്നും ഈ വിഷയത്തില്‍ നേരത്തെ തന്നെ പി.പി ദിവ്യയോട് പരാതി പറഞ്ഞതിനാല്‍ കൈക്കൂലി വാങ്ങിയ കാര്യവും ദിവ്യയോട് പറഞ്ഞുവെന്നും പ്രശാന്ത് പറഞ്ഞു.
ദിവ്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും പ്രശാന്ത് പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ വിഷയം അവസാനിച്ചെന്നാണ് കരുതിയത്. ദിവ്യ ഒരു വേദിയില്‍ ഇക്കാര്യം പറയുമെന്നോ ഇങ്ങനെ സംഭവിക്കും എന്നോ കരുതിയില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. തുടക്കത്തില്‍ ഒന്നും പണം ചോദിച്ചില്ലെന്നും ഫയല്‍ പഠിക്കട്ടെ എന്ന് മാത്രമായിരുന്നു മറുപടി എന്നും ശനിയാഴ്ചയാണ് ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് ക്വാട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി പണം ആവശ്യപ്പെട്ടത് എന്നും പ്രശാന്ത് പറയുന്നു. ആ സമയത്ത് പെട്രോള്‍ പമ്പിന് അനുമതി കിട്ടണം എന്നേ ഉണ്ടായിരുന്നുളളൂ. സ്ഥലം പണയത്തിന് എടുത്തത് ഉള്‍പ്പടെ നാല് ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനാലാണ് പണം നല്‍കിയത് എന്നും ഇല്ലെങ്കില്‍ പണം നല്‍കില്ലായിരുന്നു എന്നും പ്രശാന്ത് വ്യക്തമാക്കി.
എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെയാണ് ഗുരുതരാരോപണം ഉന്നയിച്ചത്. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു.
'കേരള മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ആദ്യം പറഞ്ഞത് ഫയല്‍ എന്നത് മനുഷ്യജീവിതമാണ്. വിമര്‍ശനമായി പറയുന്നതാണെന്ന് പറയരുത്. എന്റെ കൈയ്യിലുള്ള ഫയല്‍ മനുഷ്യന്റെ ജീവിതമാണെന്ന് എത്രപേര്‍ക്ക് തോന്നിയിട്ടുണ്ട്. യാത്രയയപ്പില്‍ എഡിഎമ്മിന് ആശംസകള്‍ നേരുകയാണ്. മറ്റൊരു ജില്ലയിലേക്ക് പോവുകയാണല്ലോ. മുന്‍ എഡിഎം ഉണ്ടായിരുന്നപ്പോള്‍ നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം വന്നപ്പോള്‍ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല. പക്ഷെ, ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. സൈറ്റ് പോയി നോക്കണം എന്നാണ് പറഞ്ഞത്. ഒന്നോ രണ്ടോ തവണ വിളിച്ചു. പിന്നീടൊരു ദിവസം സൈറ്റ് പോയി നോക്കിയെന്ന് മറുപടി പറഞ്ഞു.
അടുത്ത ദിവസം സംരംഭകന്‍ എന്നോട് പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചു. ചില പ്രശ്‌നങ്ങള്‍ ഉണ്ട്. വളവും തിരിവും ഉള്ളതിനാല്‍ എന്‍ഒസി കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. മാസങ്ങള്‍ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. അത് എന്തായാലും നന്നായി. എന്‍ഒസി കിട്ടിയത് എങ്ങനെയെന്ന് എനിക്കറിയാം. എന്‍ഒസി കൊടുത്തതിന് നന്ദി പറയുന്നു. ജീവിതത്തില്‍ സത്യസന്ധത പാലിക്കണം.
കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയായിരിക്കരുത് അടുത്ത സ്ഥലത്തെ പ്രവര്‍ത്തനം. മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍വ്വീസ് സര്‍വ്വീസാണ്. ഒരു നിമിഷം മതി. ആ നിമിഷത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് നമ്മള്‍ എല്ലാവരും കയ്യില്‍ പേന പിടിക്കണം. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങളില്‍ ഞാന്‍ ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', എന്നാണ് പി പി ദിവസം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച യാത്രയയപ്പില്‍ പറഞ്ഞത്. നവീന്‍ ബാബുവിനെ വേദിയിലിരുത്തികൊണ്ടാണ് ദിവ്യയുടെ ആരോപണം.