ഡാ..കൂടുതൽ ഷോ ഇറക്കല്ലേ..!; യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ച തിരുവമ്പാടി; പാതിവഴിയിൽ തടഞ്ഞു നിർത്തി മൂവർ സംഘം; ബസിനുള്ളിൽ ഇരച്ചുകയറി; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; ഡ്രൈവറുടെ കഴുത്തിൽ 'വടിവാൾ' വെച്ച് സിനിമ സ്റ്റൈൽ ഭീഷണി; തർക്കത്തിന്റെ കാരണം അറിഞ്ഞ് പോലീസിന് തലവേദന!
പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നിരന്തരം പ്രശ്‌നങ്ങളാണ്. ചെറിയ കാര്യങ്ങൾക്ക് വരെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുന്നു. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ പത്തനംതിട്ടയിൽ നടന്നിരിക്കുന്നത്. ബസിന്റെ സമയക്രമത്തിന്റെ പേരിൽ തുടങ്ങിയ തർക്കമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. മൂവർ സംഘം ബസിനുള്ളിൽ കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബഹളം കണ്ട് യാത്രക്കാർ പരിഭ്രാന്തിയിൽ ആവുകയും ചെയ്തു.
പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിലാവുകയും ചെയ്തു. തിരുവല്ല – മല്ലപ്പള്ളി റൂട്ടിലോടുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ കലേഷിനെയാണ് നാലംഗം സംഘം ബസ്സിനുള്ളിൽ കയറി ഭീഷണിപ്പെടുത്തിയത്. ഇതേറൂട്ടിലോടുന്ന ജാനകി ബസ്സിലെ ഡ്രൈവറുമായുള്ള തർക്കമാണ് ഭീഷണിക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.
മല്ലപ്പള്ളി കടുവാക്കുഴിയിൽ വെച്ചാണ് യാത്രക്കാരുമായി പോയ ബസ് തടഞ്ഞുനിർത്തിയുള്ള വടിവാൾ അഭ്യാസം നടന്നത്. തിരുവല്ല – മല്ലപ്പള്ളി റൂട്ടിലോടുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ കലേഷിന്‍റെ കഴുത്ത് വെട്ടുമെന്നായിരുന്നു നാലംഗം സംഘത്തിന്‍റെ ഭീഷണി. കലേഷിനോട് പ്രതികൾക്കുള്ള വൈരാഗ്യത്തിന് കീഴ്വായ്പൂർ പൊലീസ് പറയുന്ന കാരണങ്ങൾ ഇതാണ്.
സമയക്രമത്തിന്‍റെ പേരിൽ തിരുവമ്പാടി ബസ് ഡ്രൈവർ കലേഷും ഇതേ റൂട്ടിലോടുന്ന ജാനകി ബസ്സിന്‍റെ ഡ്രൈവർ കാട്ടാമല രമേശനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് രമേശന്‍റെ സുഹൃത്തുക്കളായ ഉദയൻ, ജയൻ, ജോബിൻ എന്നിവർ ബസിനുള്ളിൽ കയറി വടിവാൾ വീശിയത്. മൂവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ചില സാമ്പത്തിക തർക്കങ്ങളും ഭീഷണിക്ക് കാരണമായെന്ന് പോലീസ് വ്യക്തമാക്കുന്നു.