ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍; കോര്‍പ്പറേറ്റ് ഓഫീസില്‍ റോയിയെ വിളിച്ചു വരുത്തി വ്യക്തത തേടി; ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ മുറിക്കുള്ളില്‍ പോയ സി ജെ റോയി സ്വന്തം തോക്ക് കൊണ്ട് നെഞ്ചില്‍ വെടിയുതിര്‍ത്തു; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ ആത്മഹത്യയില്‍ എങ്ങും നടുക്കം
ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയി സ്വയം വെടിവെച്ച് മരിച്ചു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ എങ്ങും ഞെട്ടല്‍. ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അടക്കം റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്നു വ്യക്തിയായ ഡോ. റോയിയുട മരണം കേരളക്കരയെ നടക്കുന്നതായിരുന്നു. ബംഗളൂരു റിച്ച്മണ്ട് സര്‍ക്കിളിന് സമീപമുള്ള ഓഫിസില്‍ ഇന്നു വൈകിട്ടോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി തന്നെ റോയിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരാന്‍ അടുത്തിടെ കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ നിന്നും ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ബംഗളുരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ എത്തിയത്. ബെംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയില്‍ നിന്നുള്ള ഇന്‍കം ടാക്‌സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. പല തവണ ഇന്‍കം ടാക്‌സ് സ്ഥാപനത്തില്‍ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു.
ഇന്ന് ഉദ്യോഗസ്ഥര്‍ എത്തിയ റോയിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. ചില രേഖകള്‍ എടുത്തു നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹം ഓഫീസിലേക്ക് പോയി. ഇവിടെ വെച്ചാണ് വെടിയുതിര്‍ത്തത്. സ്വന്തം തോക്ക് ഉപയഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു. ഓഫിസ് മുറിക്കുള്ളില്‍ വെടിയൊച്ച കേട്ടെത്തിയ ജീവനക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ റോയിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. റിയല്‍ എസ്റ്റേറ്റ് വ്യവസായ മേഖലയില്‍ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുറമെ സിനിമ നിര്‍മ്മാണ രംഗത്തും വ്യോമയാന മേഖലയിലും അദ്ദേഹം സജീവമായിരുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും വലിയ തോതിലുള്ള ഫ്‌ലാറ്റ്, വില്ല പദ്ധതികള്‍ നടപ്പിലാക്കി വരികയായിരുന്നു.
കൊച്ചി സ്വദേശിയായ റോയ് തന്റെ വേറിട്ട ബിസിനസ് ശൈലിയിലൂടെയാണ് ശ്രദ്ധേയനായത്. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ കുറച്ചുദിവസങ്ങളായി പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതില്‍ അദ്ദേഹം മാനസിക സമ്മര്‍ദത്തിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നു. പോലീസ് ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണ്.
ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. സമുദ്ര സംബന്ധിയായ ജോലികള്‍ക്ക് ശേഷമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് റോയി കടന്നുവന്നത്. വിദ്യാഭ്യാസം, ഹൃദയശസ്ത്രക്രിയ, ഡയാലിസിസ് ക്യാമ്പുകള്‍, വീട് നിര്‍മ്മാണം എന്നിവയ്ക്ക് കോണ്‍ഫിഡന്‍സ് ഫൗണ്ടേഷന്‍ വഴി വലിയ സഹായങ്ങള്‍ നല്‍കി ലന്നിരുന്നു.
200-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോടിരൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ്, എഡ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എന്നീ മേഖലകളിലും പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം കാസനോവ അടക്കമുള്ള സിനിമകളുടെ നിര്‍മാതാവാണ്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുടെ മുഖ്യസ്‌പോണ്‍സറായിരുന്നതും റോയിയായിരുന്നു.
