നാല് ദിവസമായി വിളിച്ചിട്ട് കിട്ടുന്നില്ല; മക്കള്‍ ബന്ധുക്കളെ അറിയിച്ചതോടെ അന്വേഷിച്ചെത്തി; വീട്ടില്‍ നിന്നും ദുര്‍ഗന്ധം; പോലീസ് എത്തി തുറന്നപ്പോള്‍ രക്തക്കറയില്‍ കുളിച്ച് കിടക്കുന്ന ദമ്പതികള്‍; മൃതദേഹത്തിന് നാല് ദിവസം പഴക്കം; 12 പവന്‍ സ്വര്‍ണം കവര്‍ന്നു; ദമ്പതികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-05-03 03:52 GMT

ശിവഗിരി: ഒറ്റയ്ക്ക് തോട്ടവീട്ടില്‍ താമസിച്ചിരുന്ന ദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശിവഗിരി വിലാങ്കാട്ട് വലസിയിലെ മേക്കരയാന്‍ തോട്ടത്തില്‍ താമസിച്ചിരുന്ന രാമസ്വാമി (75), ഭാര്യ ഭാഗ്യം (65) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് ഏകദേശം നാലുദിവസത്തെ പഴക്കമുണ്ട്. ഇവരുടെ 12 പവന്റെ മാല മോഷണം പോയിട്ടുണ്ട്.

സംഭവസ്ഥലത്തോട് ചേര്‍ന്ന് ഒരുകിലോമീറ്ററിനുള്ളില്‍ അയല്‍ക്കാരോ മറ്റ് താമസക്കാരോ ഇല്ല. ഗൂഢാലോചനയ്ക്ക് ശേഷമാണ് പ്രതികള്‍ വീട്ടില്‍ കയറിയതും ദമ്പതികളെ കൊലപ്പെടുത്തിയതും കവര്‍ച്ച നടത്തിയതും എന്നാണ് പോലീസ് നിഗമനം.

ഇവരുടെ മക്കള്‍ മറ്റിടത്താണ് താമസം. നാല് ദിവസമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നതിനെ തുടര്‍ന്നാണ് സമീപത്തുള്ള ബന്ധുക്കള്‍ വീട്ടിലെത്തിയത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീടുതുറക്കുമ്പോഴാണ് രാമസ്വാമിയെയും ഭാഗ്യത്തിനെയും രക്തക്കറയോടെ നിലത്തുവീണ നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പരിക്കുകള്‍ കണ്ടതും ആഭരണങ്ങള്‍ നഷ്ടപ്പെട്ടതും കൊലപാതകത്തിന് തെളിവായി പൊലീസ് കണക്കാക്കുന്നു.

മരണത്തില്‍ സംശയം ഉള്ളതായി മക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് അഡീഷണല്‍ എസ്.പി. വിവേകാനന്ദന്റെ നേതൃത്വത്തില്‍ എട്ട് അംഗ അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. ഇതിനിടെ, പെരുന്തറ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

കഴിഞ്ഞമാസം ദമ്പതികളുടെ വളര്‍ത്തുനായ അജ്ഞാതര്‍ വിഷം നല്‍കി കൊന്നതായും, അതിന് പിന്നാലെയാണ് ഇരുവരുടെയും കൊലപാതകമുണ്ടായതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒറ്റയ്ക്ക് തോട്ടത്തില്‍ താമസിച്ചിരുന്ന ദമ്പതികളെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയാണ് കൊലപാതകവും കൊള്ളയും നടന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Tags:    

Similar News