ഇന്ത്യയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 15 കോടിയുടെ വിദേശനിര്‍മിത സിഗരറ്റ് കസ്റ്റംസ് പിടികൂടി; പിടികൂടിയത് 490 പെട്ടികളിലായി 88 ലക്ഷം സിഗരറ്റുകള്‍; കൊറിയയില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി എത്തിച്ചതെന്ന് നിഗമനം; പ്രതി ഓടി രക്ഷപ്പെട്ടു

Update: 2025-02-16 04:43 GMT

കോഴിക്കോട്: ഇന്ത്യയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 15 കോടിയുടെ വിദേശനിര്‍മിത സിഗരറ്റ് കസ്റ്റംസ് പിടികൂടി. കോഴിക്കോട് തിരൂരില്‍ നിന്നാണ് കസ്റ്റംസ് സിഗരറ്റ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു. 490 പെട്ടികളിലായി 88 ലക്ഷം സിഗരറ്റുകളാണ് പിടികൂടിയത്. ഈ സിഗരറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതിയില്ലാത്തതാണ്.

ഒരു ട്രെയിലര്‍ ലോറിയിലും മൂന്ന് ചെറുലോറികളിലുമായി ഇവ ശനിയാഴ്ച പകല്‍ മാനാഞ്ചിറയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. ഗോള്‍ഡ് വിമല്‍, മോണ്ട്, പൈന്‍, എസ്സെ, റോയല്‍സ്, പ്‌ളാറ്റിനം ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, മാല്‍ബറോ, ഡണ്‍ഹില്‍, വിന്‍, മാഞ്ചസ്റ്റര്‍, കേമല്‍ തുടങ്ങിയ ഇരുപതോളം ബ്രാന്‍ഡുകളുടെ ശേഖരമാണ് പിടികൂടിയത്. ഇവ കപ്പലില്‍ കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച് കേരളത്തിലെത്തിച്ച് ചെറുലോറികളില്‍ തിരൂരിലെത്തിച്ചെന്നാണ് സൂചന.

മറുനാടന്‍തൊഴിലാളികള്‍ താമസിക്കുന്ന ഒരു ഉള്‍പ്രദേശത്തിലെ ലെയ്ന്‍ മുറികളില്‍ രണ്ടെണ്ണത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പലപ്പോഴായാണ് ഇത് ഇവിടെ എത്തിച്ചതെന്നാണ് നിഗമനം. കൊറിയയില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി എത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി കോഴിക്കോട് കസ്റ്റംസ് ആന്‍ഡ് പ്രിവന്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കസ്റ്റംസ് കട പരിശോധിക്കാന്‍ എത്തിയപ്പോള്‍ മുറികള്‍ വാടകയ്‌ക്കെടുത്ത് ഇവ സൂക്ഷിച്ച ആള്‍ ഓടിരക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് ആന്‍ഡ് പ്രിവന്റീവ് കമ്മിഷണര്‍ കെ. പത്മാവതി, ജോയന്റ് കമ്മിഷണര്‍ ബി. ആദിത്യ, ഡെപ്യൂട്ടി കമ്മിഷണര്‍ ജെ. ആനന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റംസ് സൂപ്രണ്ടുമാരായ എന്‍.പി. ഗോപിനാഥ്, പി.എം. സിലീഷ്, എ. അരുണ്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. അശ്വന്ത് രാജ്, അമീന്‍ അഹമ്മദ് സുഹൈല്‍, വി. രാജീവ്, ബിപുല്‍ പണ്ഡിറ്റ്, ഡ്രൈവര്‍ സത്യനാരായണന്‍, ഹെഡ് ഹവില്‍ദാര്‍ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.

Tags:    

Similar News