'ഞാൻ ഇപ്പൊ പറക്കും..; മൊബൈൽ ടവറിന് മുകളിൽ അടിച്ചു പൂസായി യുവാവ്; ഉയരങ്ങളിലേക്ക് വലിഞ്ഞുകയറി സാഹസം; പരിഭ്രാന്തി; താഴെ നിന്ന് ചാടല്ലേയെന്ന് അലറി വിളിച്ച് ആളുകൾ; പോലീസെത്തിയപ്പോൾ 'ടച്ചിങ്‌സ്' ഉണ്ടോ സാറെയെന്ന് ആശാൻ; കണ്ടുനിന്നവർ ചിരിച്ചുവഴിയായി; രക്ഷിക്കാൻ പെടാപ്പാട്; നാട്ടുകാരെ മുൾമുനയിൽ നിർത്തിയതിൽ ആ ഗൂഢലക്ഷ്യം!
ഭോപ്പാൽ: ചിലർ മദ്യപിച്ച് കഴിഞ്ഞാൽ ഭയങ്കര പ്രശ്‌നക്കാർ ആയിരിക്കും. വഴിയിൽ കൂടി പോകുന്ന വയ്യാവേലിയൊക്കെ എടുത്ത് തലയിൽ വയ്ക്കും. ദിനവും കുടിച്ചുകഴിഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപ്പാടുമുണ്ട്. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ മധ്യപ്രദേശിൽ നടന്നിരിക്കുന്നത്
ഭോപ്പാലിൽ മദ്യപിച്ച യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചു. ഭോപ്പാലിലെ ബർഖേഡി പ്രദേശത്തുള്ള മൊബൈൽ ടവറിന് മുകളിലാണ് 33 -കാരനായ യുവാവ് കയറി പരിഭ്രാന്തി സൃഷ്ട്ടിച്ചത്. ഐഷ്ബാഗിൽ നിന്നുള്ള വിവേക് താക്കൂർ എന്ന യുവാവാണ് മദ്യപിച്ചു ലക്കുകെട്ട് ഇത്തരത്തിൽ ഒരു അപകടകരമായ പ്രവൃത്തി ചെയ്തത്.
മദ്യപിച്ച് ബോധമില്ലാതെ ആയിരുന്ന താക്കൂർ ടവറിന്റെ മുകളിലേക്ക് കയറാൻ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങൾ ആരംഭിച്ചത്. ആദ്യം നാട്ടുകാർ ഇയാളുടെ പ്രവൃത്തി അത്ര കാര്യമാക്കിയില്ലെങ്കിലും ഇയാൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് കയറിയതോടെ ആളുകൾ പരിഭ്രാന്തരായി. താഴേക്കിറങ്ങി വരാൻ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും അതൊന്നും കേൾക്കാതെ താക്കൂർ മുകളിലേക്ക് കയറുകയായിരുന്നു.
ഏകദേശം 20 മിനിറ്റിനു ശേഷം ഇയാൾ ടവറിന്റെ ഏറ്റവും മുകൾഭാഗത്ത് എത്തുകയും ടവർ പിടിച്ചു കുലുക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ താഴെ ഇറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിനായി എസ്ഡിആർഎഫും സ്ഥലത്ത് എത്തി.
ഒടുവിൽ 2.40 ഓടുകൂടി പോലീസ് ഇയാളെ പറഞ്ഞ് അനുനയിപ്പിക്കുകയും എസ്ഡിആർഎഫ് രക്ഷാപ്രവർത്തകരുടെ സഹായത്തോടെ ടവറിൽ നിന്നും സുരക്ഷിതനായി താഴെ ഇറക്കുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്. മദ്യലഹരിയിൽ ആണോ ഇത്തരത്തിൽ ഒരു പ്രവൃത്തി ഇയാൾ ചെയ്തത് അതോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ അതിനു പിന്നിൽ ഉണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
സംഭവത്തിന്റെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ മൊബൈൽ ടവറിന്റെ മുകളിൽ കയറിയ ഇയാൾ ശക്തിയായി ടവർ പിടിച്ചു കുലുക്കുന്നത് കാണാം. പരിഭ്രാന്തരായ ജനം താഴെ തടിച്ചുകൂടിയിരിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഇപ്പോൾ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.