പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ അറസ്റ്റില്‍; ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയും ഉണ്ടായിരുന്നെന്ന കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴികളില്‍ നടപടി; ഒളിവില്‍ പോയ പ്രദീപിനെയും ബിന്ദുവിനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ അറസ്റ്റില്‍

Update: 2025-08-21 04:21 GMT

കൊച്ചി: ബ്ലേഡിപലിശക്കാരുടെ നിരന്തര ഭീഷണിയെ തുടര്‍ന്ന് എറണാകുളം പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ മകള്‍ ദീപ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ദീപയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദീപും ഭാര്യ ബിന്ദുവും നിലവില്‍ ഒളിവിലാണ്.

പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും ആശയുടെ വീട്ടിലെത്തിയിരുന്നുവെന്നും ദീപയും ആശയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം ആശ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കേസ് മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘം അന്വേഷിക്കും. പണം കടം നല്‍കിയവരില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് കോട്ടുവളളി സൗത്ത് റേഷന്‍ കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍ ആശ ബെന്നി ജീവനൊടുക്കിയത്.

ഓഗസ്റ്റ് 19-നായിരുന്നു സംഭവം. അയല്‍വാസിയായ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആശ ബെന്നിയുടെ ആത്മഹത്യാക്കുറിപ്പിലുളളത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു. നേരത്തേ കൈക്കൂലിക്കേസില്‍ വകുപ്പുതല നടപടിക്കു വിധേയനായ ആളാണ് പ്രദീപ്. ഇയാളും ഭാര്യ ബിന്ദുവും സംഭവത്തെത്തുടര്‍ന്ന് ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു. പ്രദീപിന്റെ മകള്‍ ദീപയെ കലൂരിലുള്ള അവരുടെ ഭര്‍ത്താവിന്റെ സ്ഥാപനത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപയും ആശയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, മരിച്ച കോട്ടുവള്ളി പുളിക്കത്തറ ആശ ബെന്നി ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ച പണം ഇടപാട് സംബന്ധിച്ച് തെളിവുകള്‍ ഒന്നും പൊലീസിനു ലഭിച്ചിട്ടില്ല. ബാങ്ക് ഇടപാടുകള്‍, മറ്റ് ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ സംബന്ധിച്ചു പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. അമിത പലിശയ്ക്കു പണം നല്‍കിയതായി തെളിഞ്ഞാല്‍ ഓപ്പറേഷന്‍ കുബേര പ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്യും.

ആശയുടെ വീടിനോടു ചേര്‍ന്ന കടമുറികളുടെ അറ്റകുറ്റപ്പണി നടത്താന്‍ രണ്ടു ഘട്ടങ്ങളിലായി 10 ലക്ഷം രൂപ പ്രദീപില്‍ നിന്നു കൈപ്പറ്റിയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നു പലിശ. മുതലും പലിശയുമടക്കം 30 ലക്ഷം തിരികെ കൊടുത്തിട്ടും ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ കുടുംബം ആരോപിച്ചു. തിങ്കളാഴ്ച്ച ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസം ചികിത്സയിലായിരുന്നു.

ഫോണ്‍ മുഖേനയും വീട്ടിലെത്തിയും പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നതോടെ ആശയുടെ കുടുംബം എസ്പി ഓഫീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വച്ചും പൊലീസുകാര്‍ക്ക് മുന്നില്‍ വച്ചും പ്രദീപ് കുമാര്‍ ആശയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയും പ്രദീപ് കുമാറും ഭാര്യയും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ഉച്ചയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ ആശ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി.

Tags:    

Similar News