ജീപ്പിൽ കറങ്ങി വീടുകളിൽ കയറി രോഗിക്കായി ബക്കറ്റ് പിരിവ്; റജിസ്‌ട്രേഷനുമില്ല, രസീതുമില്ല; നാട്ടുകാർ പിടികൂടി പോലീസിനെ വിവരമറിച്ചതോടെ തടിതപ്പി നാൽവർ സംഘം

Update: 2024-11-09 09:44 GMT

മലപ്പുറം: രോഗിക്കായി ധനസഹായമെന്ന പേരിൽ ബക്കറ്റുമായി വീടുകളിൽ കയറി സംഘത്തിന്റെ തട്ടിപ്പ്. ജീപ്പിൽ കറങ്ങി നടന്നാണ് നാൽവർ സംഘത്തിന്റെ തട്ടിപ്പ്. സംഭാവനയ്ക്ക് രസീത് പോലും നൽകാത്തതിനാൽ നാട്ടുകാർക്ക് സംശയം തോന്നിയതോടെയാണ് ഇവരെ ചോദ്യം ചെയ്തു. ഇതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. നാട്ടുകാർ വിവരങ്ങൾ അന്വേഷിച്ചതോടെ സംഘം മുങ്ങി.

മലപ്പുറം തിരുനാവായ പഞ്ചായത്തിലാണ് സംഭവം. കൈത്തക്കര പള്ളി പരിസരത്ത് ബക്കറ്റുമായി വീടുകൾ കയറി പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാർ സംശയത്തെ തുടർന്ന് ചോദ്യം ചെയ്തത്. ഒരു രേഖകളും ഇല്ലാതെയാണ് സംഘം തട്ടിപ്പിനിറങ്ങിയത്. ഇതോടെയാണ് സംശയം തോന്നിയ നാട്ടുകാർ സംഭവത്തിൽ ഇടപെടുന്നത്.

നാട്ടുകാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും സംഘത്തിനായില്ല. സംഘടനക്ക് റജിസ്‌ട്രേഷനുണ്ടോ, പിരിവെടുക്കാൻ റസീപ്റ്റുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സംഘത്തിന്റെ തട്ടിപ്പ് പുറത്ത് കൊണ്ട് വരാൻ ഇടയാക്കിയത്. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കിട്ടാത്തതിനാൽ നാട്ടുകാർ പോലീസിൽ അറിയിച്ചു. ഇതോടെ പിടിക്കപ്പെടുമെന്ന് പ്രതികൾക്ക് മനസ്സിലായി.

കൽപകഞ്ചേരി പോലീസിലാണ് നാട്ടുകാർ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് വരുമെന്ന് മനസ്സിലാക്കിയ സംഘം തടിതപ്പുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണപ്പിരിവുമായി പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ സംഘം എത്തിയിരുന്നതായാണ് വിവരം. നാട്ടുകാരുടെ ഇടപെടലിൽ വലിയ തട്ടിപ്പാണ് പുറത്ത് വന്നത്.

പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. താനൂരിലെ ഒരു രോഗിക്കെന്നും പറഞ്ഞാണ് ജീപ്പിലെത്തിയ സംഘം പണപ്പിരിവ് നടത്തിയിരുന്നത്. ഈയിടെയായി ഇത്തരം തട്ടിപ്പുസംഘങ്ങൾ തിരുനാവായ, തൃപ്രങ്ങോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലയിടത്തും ആളുകൾ ചോദ്യം ചെയ്യുമ്പോൾ തിരിച്ചു പോവാറാണ് പതിവെന്ന് നാട്ടുകാർ പറയുന്നത്. 

Tags:    

Similar News