ചോറ്റാനിക്കരയില്‍ തൊഴാന്‍ എത്തിയ 'അതിസമ്പന്നന്' ദേവീ കടാക്ഷം കൊണ്ട് സ്വത്ത് ഇരട്ടിച്ചു! ഉപകാര സ്മരണക്കായി 526 കോടിയുടെ വികസന പദ്ധതികളുമായി എത്തിയത് ബംഗളുരു സ്വദേശി ഗണശ്രാവണ്‍; അന്നും ശ്രീകോവിലില്‍ സ്വര്‍ണം പൂശല്‍ ശ്രമം; എത്തിയത് മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമെന്ന് മുന്‍ വിജിലന്‍സ് എസ്പിയുടെ വെളിപ്പെടുത്തല്‍; സ്വര്‍ണ്ണക്കൊള്ളക്കിടെ ആ വ്യാജന്റെ കഥ വീണ്ടും ചര്‍ച്ചയാകുമ്പോള്‍..
ചോറ്റാനിക്കര ക്ഷേത്രത്തിലും തട്ടിപ്പിന് ശ്രമം?
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ വാര്‍ത്തകള്‍ക്കിടെ ചോറ്റാനിക്കരയിലെത്തി ശ്രീകോവില്‍ സ്വര്‍ണം പൂശാനും 526 കോടിയുടെ വികസന പദ്ധതികളുമായ എത്തിയ വ്യാജനെ കുറിച്ചും വലിയ വെളിപ്പെടുത്തല്‍. മുന്‍ വിജിലന്‍സ് ഓഫീസര്‍ ആര്‍.കെ.ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ഗണശ്രാവണ്‍ എന്ന പേരില്‍ ബംഗളുരുവില്‍ വ്യവസായി ചമഞ്ഞെത്തിയ തട്ടിപ്പുകാരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. അന്ന് വിജിലന്‍സ്് ഇടപെട്ടാണ് വലിയ തട്ടിപ്പില്‍ നിന്നും ദേവസ്വം രക്ഷപെട്ടത്. ഈ രക്ഷപെടലിന്റെ കഥയാണ് വിജിലന്‍സ് എസ്പി ആര്‍.കെ.ജയരാജന്‍ ചാനലില്‍ വിവരിച്ചത്.
അന്ന് വിദേശത്തും കര്‍ണടകത്തിലുമെല്ലാം വലിയ ബിസിനസ് ഉണ്ടെന്ന് അവകാശപ്പെട്ടാണ് ഗണശ്രാവണ്‍ ചോറ്റാനിക്കരയില്‍ എത്തിയത്. തനിക്ക് ഇവിടെ പ്രാര്‍ഥിച്ചാണ് കുട്ടികള്‍ ഉണ്ടായതെന്നും ദേവീകടാക്ഷം കൊണ്ട് വലിയ സമ്പന്നനായെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. സ്വര്‍ണം പൂശലിനും മറ്റുമായി 100 കോടിയുടെ പദ്ധതിയാണ് ഇയാള്‍ തയ്യാറാക്കിയത്. ഇയാള്‍ അന്ന് ചോറ്റാനിക്കരയില്‍ എത്തിയത് മുകളില്‍ നിന്നുള്ള ആളുടെ നിര്‍ദേശപ്രകാരമായിരുന്നു.
ആറ് മാസത്തോളം ചോറ്റാനിക്കരയില്‍ താമസിച്ച് ദേവസ്വം ഉദ്യോഗസ്ഥരും മറ്റുമായി ഇയാള്‍ ചര്‍ച്ചകള്‍ നടത്തി. ഇതോടെ ചര്‍ച്ചകളിലേക്ക് കടന്നതോടെയാണ് ഇയാളുടെ അവകാശവാദങ്ങളില്‍ സംശയംതോന്നിയതു വിജിലന്‍സ് പരിശോധനകള്‍ നടത്തിയതും. ബംഗളുരുവില്‍ പരിശോധിച്ചപ്പോള്‍ ഗണശ്രാവണ്‍ വ്യാജനാണെന്ന് മനസ്സിലായി. അതിസമ്പന്നന്‍ എന്നു പറഞ്ഞ ഇയാളോട് ഇന്‍കംടാക്‌സ് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടു. എന്നാല്‍, ഇയാള്‍ക്ക് അത് ഹാജറാക്കാന്‍ സാധിച്ചില്ലെന്നും ജയരാജ് പറഞ്ഞു.
ഇതിന് ശേഷവും ഇയാളുമായി ഒപ്പിടാന്‍ സമ്മര്‍ദ്ദം ഒരുവിഭാഗത്തില്‍ നിന്നുമുണ്ടായി. എംഒയു തയ്യാറാക്കി ഒപ്പിടാന്‍ സമ്മര്‍ദ്ദമുണ്ടായതോടെ ദേവസ്വം ഉദ്യോഗസ്ഥര്‍ ലീഗല്‍ ഓപ്പിനീയന്‍ തേടുകയാണ് ഉണ്ടായത്. അങ്ങനെ ഈ പദ്ധതി നടപ്പിലാകാതെ പോയി. എന്നാല്‍, ഗണശ്രാവണും അജ്ഞാതരായ ചിലരും ശ്രീകോവിന്റെ നീളവും വീതിയുമെല്ലാം അളന്നെടുത്തും കൊണ്ടുപോയി. ഇപ്പോള്‍ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എന്തായിരുന്നു അന്നത്തെ അജണ്ടയെന്ന് സംശയം തോന്നുന്നു എന്നാണ് മുന്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019 - 2020 കാലഘട്ടത്തിലായിരുന്നു ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഈ തട്ടിപ്പുകാരന്‍ വന്നത്. അന്ന് മാധ്യമങ്ങളില്‍ ഇയാളുടെ എന്‍ട്രിയും വാര്‍ത്തയായിരുന്നു.
4 വര്‍ഷം കൊണ്ട് അതിസമ്പന്നന്‍, 526 കോടിയുടെ പുനരുദ്ധാരണ പദ്ധതി!
അന്ന് ചോറ്റാനിക്കര ദേവീക്ഷേത്രവും പരിസരവും നവീകരിക്കാന്‍ ഭക്തന്റെ വക 526 കോടി എന്ന നിലയിലാണ് വാര്‍ത്തകള്‍ എത്തിയത്. ംബംഗളൂരു ആസ്ഥാനമായ പ്രമുഖ വ്യവസായ സ്ഥാപനമായ ഗണ ശ്രാവണ്‍ ഗ്രൂപ്പാണ് ക്ഷേത്ര പുനരുദ്ധാരണത്തിനു സംഭാവന നല്‍കുന്നത്. എല്ലാ മാസവും പൗര്‍ണമി നാളില്‍ ദര്‍ശനത്തിനെത്തുന്ന കമ്പനി ഉടമ ഗണശ്രാവണ്‍ പദ്ധതി ദേവസ്വം അധികൃതരെ അറിയിക്കുകയായിരുന്നു.
ക്ഷേത്ര ഭാരവാഹികള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ വിവരം അറിയിച്ചുതോടെ അന്ന് ചോറ്റാനിക്കരയുടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്ന തരത്തിലുള്ള പദ്ധതിക്കു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നും അവകാശവാദം ഉയര്‍ന്നിരുന്നു. ബി.ആര്‍.അജിത് അസോസിയേറ്റ്‌സാണു പദ്ധതി രൂപകല്‍പന ചെയ്യുന്നത്. 18 പ്രോജക്ടായി തിരിച്ചാണു നിര്‍മാണം നടത്തുകയെന്നും അവകാശപ്പെട്ടിരുന്നു ഈ തട്ടിപ്പുകാരന്‍. ഒന്നാം ഘട്ടത്തില്‍ ശില്‍പചാരുതയോടെ 2 ഗോപുരങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ 8 പദ്ധതികള്‍ക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തില്‍ 10 പദ്ധതികള്‍ക്കായി 276 കോടിയുടെയും എസ്റ്റിമേറ്റാണു തയാറാക്കിയത്.
ആദ്യഘട്ടത്തില്‍ ഗോപുര നിര്‍മാണം, പൂരപ്പറമ്പ് ടൈല്‍ വിരിക്കല്‍, സോളര്‍ പാനല്‍ സ്ഥാപിക്കല്‍, കല്യാണ മണ്ഡപം, സദ്യാലയം, അന്നദാന മണ്ഡപം, വിഐപി ഗെസ്റ്റ് ഹൗസ് എന്നിവയുടെ നിര്‍മാണം, നവരാത്രി മണ്ഡപം ശീതീകരണം, ഗെസ്റ്റ് ഹൗസ് നവീകരണം എന്നിങ്ങനെ 8 പ്രോജക്ടുകളാണു നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ്, വയോജനസദനം, റിങ് റോഡ് നിര്‍മാണം, ടെംപിള്‍ സിറ്റി നവീകരണം, കാന്റിന്‍ തുടങ്ങി 10 പദ്ധതികളും പൂര്‍ത്തിയാക്കുമെന്നായിരുന്നു അവകാശവാദം.
രാജ്യന്തര തലത്തില്‍ സ്വര്‍ണ, വജ്ര വ്യാപാരിയെന്നാണ് ഇയാള്‍ ആവകാശപ്പെട്ടിരുന്നത്. വിദേശത്തു നിന്നും ഫണ്ടെത്തിയാല്‍ ചോറ്റാനിക്കരയുടെ മുഖച്ഛായ മാറ്റുമെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. ഈ കഥയെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിയുകയായരുന്നു. ഇപ്പോള്‍ ശബരിമല സ്വര്‍ണം പൂശലിലെ വിദേശബന്ധം അടക്കം പരിശോധിക്കുമ്പോള്‍ ഗണശ്രാവണ്‍ വിഷയവും ഗൗരവത്തോടെ അന്വേഷിക്കേണ്ടി വരുമെന്നാണ് മുന്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ആര്‍.കെ.ജയരാജന്‍ വ്യക്തമാക്കുന്നത്.
