'ഞാന്‍ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു; കാരണം, വീട്ടിലിരുന്ന സ്വര്‍ണ്ണം പണയം വെച്ചതും ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നതുമാണ്': ഭാര്യ ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്ക് ലൈവില്‍ വിവരം പങ്കുവച്ച് ഭര്‍ത്താവ് ഐസക്; ആക്രമണം മക്കളിലൊരാള്‍ അമ്മയുടെ സമീപത്തിരിക്കെ
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഫേസ്ബുക്ക് ലൈവില്‍ അറിയിച്ച് ഭര്‍ത്താവ്
കൊല്ലം: പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് (40) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഭര്‍ത്താവ് ഐസക് (45) ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പോലീസിന് കീഴടങ്ങി
കുടുംബ വഴക്കുകളാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭര്‍ത്താവിന്റെ ശല്യം കാരണം ശാലിനി കഴിഞ്ഞ കുറച്ചുകാലമായി ഇവരുടെ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് പ്രതിയായ ഐസക് വീട്ടിലെത്തി ശാലിനിയെ ആക്രമിച്ചത്. സംഭവസമയത്ത് ശാലിനിയുടെ രണ്ട് മക്കളില്‍ ഒരാള്‍ സമീപത്തുണ്ടായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഐസക് ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. ഭാര്യ താനറിയാതെ സ്വര്‍ണം പണയം വെച്ചതായും, സ്വന്തമായി ഉണ്ടാക്കിയ വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടതായും ഇയാള്‍ ലൈവിലൂടെ വെളിപ്പെടുത്തി. പിണങ്ങിപ്പോയ ശാലിനി അമ്മയോടൊപ്പം കഴിയുകയായിരുന്നു എന്നും ഐസക് പറഞ്ഞു.
'ഞാന്‍ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു. കാരണം, വീട്ടിലിരുന്ന സ്വര്‍ണ്ണം പണയം വെച്ചതും ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നതുമാണ്. എനിക്ക് രണ്ട് മക്കളുണ്ട്, ഒരാള്‍ കാന്‍സര്‍ രോഗിയാണ്. അവള്‍ ആഡംബര ജീവിതം നയിക്കാന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ധിക്കാരപരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തും മാറി മാറി പോകുന്നു. അതിന്റെ ആവശ്യമില്ല,' ഐസക് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ശാലിനി ഒരു സ്‌കൂളില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഐസക് നടത്തിയ ഫേസ്ബുക്ക് ലൈവില്‍ കൊല്ലപ്പെട്ട ശാലിനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.