'ഞാന്‍ കണക്കിന് പറഞ്ഞിട്ടുണ്ട്... ഇന്ന് ഈ വീട്ടില്‍ ആത്മഹത്യ നടക്കുമെന്ന് ഭര്‍ത്തൃ പിതാവ് നാലാം പ്രതിയായ യുകെയിലുള്ള മകള്‍ക്ക് സംഭവ ദിവസം വാട്‌സാപ്പ് സന്ദേശം അയച്ചു; യുകെയിലള്ള മകളും ജിസ്‌മോളുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കുടുംബപ്രശ്‌നങ്ങള്‍ക്ക് തുടക്കം; ആ ശബ്ദ സന്ദേശം ഉറപ്പിക്കാന്‍ ജോസഫിന്റെ ശബ്ദ പരിശോധന; ജിസ് മോള്‍ക്കും കുട്ടികള്‍ക്കും നീതികിട്ടുമോ അയര്‍ക്കുന്നത്തെ അന്വേഷണം തുടരുമ്പോള്‍
കോട്ടയം: കോട്ടയം അയര്‍ക്കുന്നത് മക്കളുമൊത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതി ജോസഫിന്റെ ശബ്ദ പരിശോധന നടത്തും. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തുക. മരിച്ച ജിസ്‌മോളുടെ ഭര്‍ത്താവിന്റെ അച്ഛനാണ് ജോസഫ്. ജോസഫിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ ചില ശബ്ദസന്ദേശങ്ങളില്‍ വ്യക്തത വരുത്താനാണ് പരിശോധന നടത്തുന്നത്.
യു.കെയിലള്ള മകളും ജിസ്‌മോളുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു കുടുംബപ്രശ്‌നങ്ങള്‍ക്ക് തുടക്കം. വീട്ടിലെ പ്രശ്‌നങ്ങളില്‍ ഭര്‍തൃസഹോദരി ഇടപെടുന്നതിനെതിരേ യു.കെയിലുള്ള ഇവരുടെ ഭര്‍ത്താവിന് ജിസ്‌മോള്‍ സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് മകളുടെ ഭര്‍ത്താവ് ജോസഫിനെ വിളിച്ച് വിവരങ്ങള്‍ തിരക്കിയത് പ്രശ്‌നം വീണ്ടും രൂക്ഷമാക്കി. ഇതിന്റെ പേരില്‍ ഭര്‍തൃപിതാവ് ജോസഫ്, ജിസ്‌മോളെ ശകാരിച്ചു. 'അച്ചാച്ചാ ഇനി ഞാന്‍ അങ്ങനെ ചെയ്യില്ല' എന്ന് ഭര്‍തൃപിതാവിനോട് ഫോണിലൂടെ പറഞ്ഞിരുന്നു. ഇതും തെളിവായി പോലീസ് ശേഖരിച്ചിട്ടുണ്ട്. 'ഞാന്‍ കണക്കിന് പറഞ്ഞിട്ടുണ്ട്, ഇന്ന് ഈ വീട്ടില്‍ ആത്മഹത്യ നടക്കുമെന്ന് ഭര്‍ത്തൃപിതാവ് ജോസഫ് കേസിലെ നാലാം പ്രതിയായ യു.കെയിലുള്ള മകള്‍ക്ക് സംഭവദിവസം വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതും പ്രതികള്‍ക്കെതിരായ പ്രധാന തെളിവുകളിലൊന്നാണ്. ഈ ഓഡിയോയുടെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദ പരിശോധന.
ഒരു വയുസുള്ള നോറയേയും നാലു വയസുകാരി നേഹയേയും കൂട്ടി ജിസ്‌മോള്‍ ആറ്റില്‍ചാടി ജീവനൊടുക്കിയിട്ട് ഒരു മാസമായി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആക്ഷേപം. മരിച്ച ജിസ്‌മോളുടെ ഭര്‍ത്താവിന്റെ അമ്മയേയും സഹോദരിയേയും പ്രതി ചേര്‍ത്തിട്ടും അറസ്റ്റ് ചെയ്യാത്തതാണ് വിവാദം. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ഉയരുന്നു. ഇതിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. ഭര്‍ത്താവിന്റെ വീട്ടിലെ ഗാര്‍ഹികപീഡനവും ഉപദ്രവുമാണ് യുവതിയേ മരണത്തിലേക്ക് തള്ളിവിട്ടതെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് ആത്മഹത്യ പ്രേരണയും ഗാര്‍ഹികപീഡനവും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഭര്‍ത്താവ് ജിമ്മി, ഇയാളുടെ അച്ഛന്‍ ജോസഫ്, അമ്മ ബീന, സഹോദരി ദീപ എന്നിവരാണ് പ്രതികള്‍. കഴിഞ്ഞ മാസം 30ന് ജിമ്മിയേയും ജോസഫിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ ബീനയേയും ദീപയേയും കസ്റ്റഡിയിലെടുത്തിട്ടില്ല.
അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന് കാണിച്ച് ജിസ്‌മോളുടെ അച്ഛന്‍ തോമസ് സംസ്ഥാന പൊലീസ് മേധാവിക്കും വനിത കമ്മീഷനും പരാതി അയച്ചിട്ടുണ്ട്. പരാമവധി തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നാണ് പൊലീസ് വിശദീകരണം. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ളതിനാലാണ് മൂന്നാം പ്രതിയായ അമ്മ ബീനയെ കസ്റ്റഡിയിലെടുക്കാത്തത്. വിദേശത്തുള്ള നാലാം പ്രതി ദീപയെ ലുക്ക് ഔട്ട്‌നോട്ടീസ് ഇറക്കി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടക്കുന്നതായും പൊലീസ് വിശദീകരിക്കുന്നുണ്ട്.
മുത്തോലി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ആയിരുന്നു ജിസ്‌മോള്‍. ജിമ്മിയുടെ നീറിക്കാട്ടെ വീട്ടില്‍ പരിശോധന നടത്തിയ ഏറ്റുമാനൂര്‍ പൊലീസ് ബന്ധുക്കളില്‍നിന്നും അയല്‍വാസികളില്‍നിന്നും മൊഴിയെടുക്കുകയും ജിസ്‌മോളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.