സഹോദരിയുമായി തോര്‍ത്ത് കെട്ടി ആടുന്നതിനിടെ കഴുത്തില്‍ക്കുരുങ്ങി വിദ്യാര്‍ഥി മരിച്ചു; കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
തിടനാട് (കോട്ടയം): സഹോദരിയോടൊപ്പം വീടിനുള്ളില്‍ കളിക്കവെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകന്‍ വി.എസ്. കിരണ്‍ (14) ആണ് മരണപ്പെട്ടത്. അമ്പാറനിരപ്പേല്‍ ഭാഗത്താണ് ദുരന്തം നടന്നത്. അമ്മ റോഷിനിയോടൊപ്പം വാടകവീട്ടില്‍ കഴിയുകയായിരുന്നു കുട്ടികള്‍.
തുണിയിടുന്ന അയയില്‍ തോര്‍ത്ത് കെട്ടി കളിക്കുന്നതിനിടെയാണ് കുട്ടി കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് മാതാവ് കുളിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉടന്‍ കുട്ടിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും, തുടര്‍ന്ന് ചേര്‍പ്പുങ്കിലെ ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭരണങ്ങാനം സെയ്ന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കിരണിന്റെ സഹോദരിയാണ് കൃഷ്ണപ്രിയ. തുടര്‍ന്ന് മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ തിടനാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കിരണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുനീഷിന്റെ ബന്ധുക്കള്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് തിടനാട് എസ്എച്ച്ഒ പി. ശ്യാം അറിയിച്ചു.