ഇടിച്ചുവീഴ്ത്തിയ കാര്‍ ദേഹത്തുകൂടെ കയറ്റിയിറക്കി; സ്‌കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം; ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍; മൈനാഗപ്പള്ളിയില്‍ അപകടമുണ്ടാക്കിയത് പ്രതി മദ്യലഹരിലെന്നും സൂചന

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Update: 2024-09-16 02:02 GMT

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ കാര്‍ ഇടിച്ചുവീഴ്ത്തി. റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. വെളുത്തമണല്‍ സ്വദേശി അജ്മലിനെയാണ് പൊലീസ് പിടികൂടിയത്. ശാസ്താംകോട്ട പതാരത്ത് നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച ഫൗസിയ്ക്ക് പരിക്കേറ്റു. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച വൈകീട്ട് 5.46-നാണ് സംഭവം. സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞുമോള്‍ കാറിനടിയിലേക്ക് വീണു.

ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് രക്ഷപ്പെടാന്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. പിന്നിലെ ടയര്‍ കുഞ്ഞുമോളുടെ കഴുത്തിലൂടെ കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞുമോളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9.45-ഓടെ മരണം സ്ഥിരീകരിച്ചു. അജ്മല്‍ എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്.

കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറാണ് കൂടെയുണ്ടായിരുന്നതെന്നാണ് വിവരം. അജ്മലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്തായ വനിതാ ഡോക്ടറില്‍ നിന്നാണ് ലഭിച്ചത്. മൊബൈല്‍ ഓഫ് ആയതിനാല്‍ കഴിഞ്ഞ ദിവസം അജ്മലിന്റെ ലൊക്കേഷന്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എ്എന്നത് അടക്കം പരിശോധക്കുന്നുണ്ട്.

Tags:    

Similar News