കരുണാപുരം പഞ്ചായത്തിലെ കോണ്‍ഗ്രസ് വനിത അംഗം അസി. സെക്രട്ടറിക്ക് നേരെ ഭീഷണിമുഴിക്കിയെന്ന് പരാതി: പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി രേഖാമൂലം നല്‍കി ജി സജീവന്‍

Update: 2025-05-16 05:06 GMT

കമ്പംമെട്ട് (ഇടുക്കി): കരുണാപുരം പഞ്ചായത്ത് അസി.സെക്രട്ടറി ജി. സജീവനെതിരേ കോണ്‍ഗ്രസിന്റെ വനിത പഞ്ചായത്തംഗം വധഭീഷണി മുഴക്കിയതായി പരാതി. രണ്ടാം വാര്‍ഡ് അംഗം റാബി സിദ്ദിഖിനെതിരേ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കുമാണ് സജീവന്‍ പരാതി നല്‍കിയിരിക്കുന്നത്.

നിലവില്‍ സെക്രട്ടറി ഇല്ലാത്ത പഞ്ചായത്തില്‍ അസി.സെക്രട്ടറിക്ക് അധിക ചുമതലയുണ്ട്. സര്‍ക്കാരിന്റെ ശുചിത്വ കേരളം പദ്ധതിയിലെ നിര്‍വഹണ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി കല്ലാര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളുടെയും വീടുകളുടെയും ഉടമസ്ഥര്‍ക്ക് കഴിഞ്ഞദിവസം അസി.സെക്രട്ടറി നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തതിരുന്നു.

ഇതില്‍ പഞ്ചായത്തംഗങ്ങള്‍ക്കടക്കം പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. പിഴ പിന്‍വലിക്കാന്‍ രാഷ്ട്രീയപരമായും അല്ലാതെയും വിവിധതരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അസി.സെക്രട്ടറി തയ്യാറായില്ല. ഇതോടെ അസി.സെക്രട്ടറിയെ കൈകാര്യം ചെയ്യുമെന്ന് പഞ്ചായത്തംഗം റാബി സിദ്ദീഖ് പലരോടും പറഞ്ഞതായി സജീവ് പരാതിയില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ നടന്ന പഞ്ചായത്ത് കമ്മിറ്റിക്ക് ശേഷവും ഉദ്യോഗസ്ഥനോട് ഇവര്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചെന്നും ആരോപണമുണ്ട്. സുരക്ഷിതമായി ജോലി ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് അസി.സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ സംഭവത്തേക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് പഞ്ചായത്തംഗം റാബി സിദ്ദിഖ് പ്രതികരിച്ചു.

Similar News