മലപ്പുറത്തുനിന്ന് കാണാതായ വരന്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍ കണ്ടെത്തി; ഫോണില്‍ ലൊക്കേഷന്‍ ലഭിച്ചത് നിര്‍ണായകമായി; കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് മലപ്പുറം എസ്.പി ശശിധരന്‍

വിഷ്ണുവിനെ കണ്ടെത്തിയതായി മലപ്പുറം എസ്.പി.എസ്.ശശിധരന്‍ സ്ഥിരീകരിച്ചു.

Update: 2024-09-10 08:10 GMT

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയില്‍ നിന്നുമാണ് യുവാവിനെ പോലീസ് കണ്ടെത്തിയത്. വിഷ്ണുവിനെ കണ്ടെത്തിയതായി മലപ്പുറം എസ്.പി.എസ്.ശശിധരന്‍ സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

ഊട്ടിയിലെ കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് നിര്‍ണായകമായത്. തുടര്‍ന്ന് മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. ഈ മാസം നാലിനാണ് വിഷ്ണുവിനെ കാണാതായത്.

സെപ്റ്റംബര്‍ നാലിന് രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണുജിത്ത് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിലും നടത്തിയിരുന്നു. സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്. സുഹൃത്തില്‍നിന്ന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോകുന്നതായാണ് വിഷ്ണുജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നത്.

ഇതിനിടെ നാലാം തീയതി രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണുജിത്ത് സംഭവദിവസം കഞ്ചിക്കോട്ടെത്തി പണം വാങ്ങിയെന്നും തുടര്‍ന്ന് പാലക്കാട്ടേക്ക് തിരികെ ബസില്‍ മടങ്ങിയെന്നുമാണ് സുഹൃത്തായ ശരത്തിന്റെ മൊഴി. ഇതിനുശേഷം വിഷ്ണുജിത്ത് വീണ്ടും കഞ്ചിക്കോട്ടേക്ക് വന്നതായും സംശയമുണ്ടായിരുന്നു.

തിങ്കളാഴ്ചയാണ് വിഷ്ണുവിന്റെ ഫോണ്‍ കൂനൂരില്‍ ഓണായത്. വിളിച്ചപ്പോള്‍ ഒരുതവണ ഫോണ്‍ എടുത്തുവെന്ന് കുടുംബവും വിശദീകരിച്ചിരുനന്നു. എന്നാല്‍, ഫോണ്‍ അറ്റന്‍ഡ് ചെയ്തത് വിഷ്ണുവിന്റെ സുഹൃത്ത് ശരത്താണെന്നാണ് പറയുന്നത്. വിവാഹ ദിവസവും യുവാവിനെ കാണാതായതോടെയാണ് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയത്.

Tags:    

Similar News