കൊച്ചറ ബിവറേജസ് ഔട്ട്ലെറ്റിലെ വിജിലന്‍സ് പരിശോധന; കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തത് ഒതുക്കി തീര്‍ക്കാന്‍ നീക്കം; വകുപ്പുതല നടപടികളില്‍ ഒതുക്കാന്‍ വിജിലന്‍സിന് മേലും സമ്മര്‍ദം
വണ്ടന്മേട് (ഇടുക്കി): കൊച്ചറ ബിവറേജസ് ഔട്ട്ലെറ്റില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ജീവനക്കാരന്റെ കാറില്‍ നിന്നും പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത പണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം. വിജിലന്‍സ് അന്വേഷണം ഒഴിവാക്കി വകുപ്പ് തല നടപടികളില്‍ ഒതുക്കാനാണ് നീക്കം.
ആരോപണവിധേയനായ ജീവനക്കാരന്റെ അടുത്ത ബന്ധുവായ ജില്ലാ പൊലീസ് ആസ്ഥാനത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം വഴിമാറ്റാന്‍ ശ്രമം നടക്കുന്നത്. പൊലീസ് അസോസിയേഷനിലൂടെ വിജിലന്‍സ് സംഘത്തെ സമ്മര്‍ദ്ദത്തിലാക്കാനും അന്വേഷണം ഗതിമാറ്റാനുമാണ് നീക്കം നടക്കുന്നത് എന്നാണ് വിവരം.
വിജിലന്‍സ് പരിശോധനയില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. കൃത്യമായ അന്വേഷണം നടന്നാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് കണ്ടതോടെയാണ് നടപടി വകുപ്പ് തലത്തില്‍ ഒതുക്കാന്‍ ശ്രമക്കുന്നതെന്നാണ് അറിയുന്നത്. സ്ഥലം മാറ്റം നല്കി ശിക്ഷ ലഘൂകരിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി വകുപ്പുതല നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തു വിജിലന്‍സിനെ കൊണ്ട് റിപ്പോര്‍ട്ട് നല്‍കിക്കാനാണ് നീക്കം നടക്കുന്നത്.
കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജരേഖയുമായി ജീവനക്കാര്‍
വിജിലന്‍സ് സംഘം പിടിച്ചെടുത്ത പണം ഔട്ട്ലെറ്റിന്റെ സമീപത്തെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണം പണയം വച്ച് എടുത്തതാണെന്നുള്ള രേഖ സൃഷ്ടിച്ചു തടിതപ്പാനും നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയിലും കണക്കില്‍ പെടാത്ത പണം പിടികൂടിയിരുന്നു. അന്ന് സമീപത്തെ വ്യാപാരി ചില്ലറ മാറാന്‍ നല്‍കിയ പണമാണ് പിടിച്ചെടുത്തതെന്ന് വരുത്തി തീര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. സമാന രീതിയില്‍ ബാങ്ക് രേഖകള്‍ തരിപ്പെടുത്തി കേസില്‍നിന്ന് തലയൂരാനും നീക്കമുണ്ടെന്നും സൂചനയുണ്ട്.