തേന്‍ പുരട്ടിയ വാക്കുകള്‍ ആവോളം ചാറ്റില്‍ നിറച്ച് അടുത്തു; ബിസിനസ് പൊട്ടിയ ഭര്‍ത്താവിനെ സഹായിക്കാന്‍ രഹസ്യചാറ്റുകള്‍ എടുത്തുവീശി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും; ശ്വേത ഐടി വ്യവസായിയെ തേന്‍കെണിയില്‍ കുരുക്കി 20 കോടി തട്ടിയതിന് പിന്നില്‍

ശ്വേത ഐടി വ്യവസായിയെ തേന്‍കെണിയില്‍ കുരുക്കി 20 കോടി തട്ടിയതിന് പിന്നില്‍

Update: 2025-07-30 17:03 GMT

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 20 കോടി രൂപ തട്ടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തങ്ങളുടെ അടച്ചുപൂട്ടിയ ഹോട്ടല്‍ വീണ്ടും തുറക്കാന്‍ ലക്ഷ്യമിട്ടാണ് ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായ യുവതിയും ഭര്‍ത്താവും തട്ടിപ്പിന് ഇറങ്ങിയതെന്ന് സൂചന.

തൃശൂര്‍ വലപ്പാട് സ്വദേശി കൃഷ്ണരാജ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. വ്യവസായിയില്‍ നിന്ന് ഇരുപത് കോടിയുടെ ചെക്ക് വാങ്ങി വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്. 30 കോടി തട്ടാനായിരുന്നു ശ്രമം. ശ്വേതയെയും കൃഷ്ണരാജിനെയും എറണാകുളം സെഷന്‍സ് കോടതി ജാമ്യത്തില്‍ വിട്ടു. കേസന്വേഷണവുമായി സഹകരിക്കാം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു. വവസായിയുടെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. ഒന്നര വര്‍ഷത്തോളം ഇവിടെ ജോലി ചെയ്ത ശ്വേത അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയില്‍ നിന്ന് 30 കോടി രൂപയാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്.

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ തേന്‍കെണിക്ക് പദ്ധതിയിട്ടത്. ശ്വേതയുടെ ഭര്‍ത്താവ് കൃഷ്ണരാജിന്റെ ഹോട്ടല്‍ അടക്കമുളള സംരംഭങ്ങള്‍ പൂട്ടിയതോടെ ദമ്പതികള്‍ പ്രതിസന്ധിയിലായിരുന്നു. എങ്ങനെയെങ്കിലും ജീവിതത്തില്‍ പച്ച പിടിക്കാനായി വ്യവസായിയെ കരുവാക്കുകയായിരുന്നു. വ്യവസായി പൊലീസില്‍ പരാതിപ്പെടില്ലെന്നാണ് ദമ്പതികള്‍ കണക്കുകൂട്ടിയത്. എന്നാല്‍, അദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടതോടെ കളി മാറി.

പ്രതികള്‍ മുന്‍പ് ആരെയെങ്കിലും ഇത്തരത്തില്‍ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നുമാണ് സെന്‍ട്രല്‍ പൊലീസ് വാദിച്ചത്. എന്നാല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയതിനുള്ള ബിഎന്‍എസ് 308 അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത് എന്നതിനാല്‍ പരമാവധി ശിക്ഷ 7 വര്‍ഷം വരെയാണ്. കേസന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികള്‍ കോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിച്ചത്.

രഹസ്യ ചാറ്റുകളടക്കം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഐടി വ്യവസായിയില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തിയത്. 30 കോടി രൂപയാണ് പ്രതികള്‍ വ്യവസായിയോട് ആവശ്യപ്പെട്ടത്. പീഡനക്കേസ് കൊടുക്കുമെന്നും ഭീഷണി മുഴക്കി. വ്യവസായി 50,000 രൂപ പണമായി കൈമാറി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകള്‍ വീതം നല്‍കി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞു

അന്‍പതിനായിരം വ്യവസായി നല്‍കിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ദമ്പതികള്‍ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ വ്യവസായി സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കി. പണം വാങ്ങാനെത്തിയ ദമ്പതികള്‍ ചെക്ക് വാങ്ങി പുറത്തിറങ്ങിയതോടെ പൊലീസ് പിടികൂടുകയായിരുന്നു

Tags:    

Similar News