ധര്‍മരാജന്‍ ഹവാല ഏജന്റ്; പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; നടപ്പായത് എം ഗണേശിന്റെ നിര്‍ദ്ദേശം; പുനരന്വേഷണത്തില്‍ കെസും പ്രതിയാകും; വീണ്ടും ഇഡിക്ക് കത്തയ്ക്കാനും തീരുമാനം; കൊണ്ടു വന്നത് ബിജെപിക്കായുള്ള പണമെന്നും കുറ്റപത്രം; ബംഗ്ലൂരുവിലേക്കും ഇനി അന്വേഷണം നീളും; കൊടകരയില്‍ ജാമ്യമില്ല വകുപ്പുകള്‍ വരും
തൃശൂര്‍: കര്‍ണാടകയില്‍നിന്നു കുഴല്‍പ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അറിവോടെ. കൊടകര കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായര്‍, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവര്‍ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. കൊടകര കേസിലെ കുറ്റപത്രത്തിലാണ് ഈ വിവരമുളളത്. ഗുരുതര നിഗമനങ്ങളാണ് ഇതിലുള്ളത്. തുടരന്വേഷണത്തില്‍ കെ സുരേന്ദ്രനേയും ഗണേഷിനേയും പ്രതികളാക്കും. ഇവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റവും ചുമത്തും. അന്വേഷണം ബംഗ്ലൂരുവിലേക്കും കൊണ്ടു പോകും.
ബിജെപി ഓഫീസില്‍ പണം എത്തിച്ച ധര്‍മരാജന്‍ ഹവാല ഏജന്റാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് എത്തിച്ചത് മൂന്നരക്കോടിയാണെന്നും ഇതില്‍ പറയുന്നു. കുഴല്‍പ്പണം കടത്ത് അന്വേഷിക്കേണ്ട ഇഡി, ഐടി വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും കുറ്റപത്രത്തില്‍ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം തുടരന്വേഷണ ആവശ്യത്തിലും നിര്‍ണ്ണായകമായി മാറും. തെളിവ് കിട്ടിയാല്‍ ഇനിയും കേസ് അന്വേഷിക്കണമെന്ന നിര്‍ദ്ദേശം കുറ്റപത്രത്തിലുണ്ട്. അതുകൊണ്ട് തന്നെ കോടതി കൂടുതല്‍ അന്വേഷണത്തിന് അനുമതി നല്‍കുമെന്നാണ് സൂചന.
ബിജെപി നേതാക്കളുടെ പങ്ക് കുറ്റപത്രത്തില്‍ വ്യക്തമാണ്. ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 3.5 കോടി രൂപ കര്‍ണാടകയില്‍ നിന്ന് എത്തിച്ചെന്ന് കുറ്റപത്രം പറയുന്നു. പരാതിക്കാരനായ ധര്‍മ്മരാജന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ അടുപ്പക്കാരനാണ്. കുഴല്‍പ്പണക്കേസ് ആദ്യം അന്വേഷിച്ചത് കവര്‍ച്ച കേസായിട്ടായിരുന്നു. കുഴല്‍പ്പണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇഡിക്കും ആദായനികുതി വകുപ്പിനും വിവരങ്ങള്‍ കൈമാറി എന്നും കുറ്റപത്രം പറയുന്നു. 2021 ജൂലൈ 23 നാണ് പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ പ്രത്യേക അന്വേഷണസംഘം ഉടന്‍ തുടര്‍നടപടികളിലേക്ക് കടക്കും. തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിലവില്‍ എഫ്ഐആര്‍ ഉള്ള കേസായതിനാല്‍ വെളിപ്പെടുത്തല്‍ പുതിയതാണെങ്കിലും വീണ്ടും എഫ്ഐആര്‍ ഇടാന്‍ പറ്റില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സതീശന്റെ മൊഴി കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കും. ഒപ്പം, ഇ.ഡിയ്ക്ക് വീണ്ടും കത്തയയ്ക്കും. സതീശന്റെ മൊഴിയും ഇ.ഡിയ്ക്ക് കൈമാറും. കള്ളപ്പണം ബിജെപി ഓഫിസില്‍ സൂക്ഷിച്ചെന്നാണ് സതീശന്റെ വെളിപ്പെടുത്തല്‍. ഇതനുസരിച്ച് പൊലീസിന് തുടരന്വേഷണം നിയമപരമായി നില്‍ക്കില്ല. കള്ളപ്പണം തടയല്‍ നിയമം ഇ.ഡിയ്ക്കു മാത്രമെ ചുമത്താന്‍ കഴിയൂ.
ഈ നിയമവശം മനസിലാക്കിയാണ് മൂന്നു വര്‍ഷം മുമ്പ് കേരള പൊലീസ്, ഇഡിയോട് അന്വേഷണം ആവശ്യപ്പെട്ടത്. ബി.ജെ.പി പ്രതിക്കൂട്ടിലായ കേസായതിനാല്‍ ഇ.ഡി. കണ്ടമട്ട് നടിച്ചതുമില്ല. ഉപതിരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കെ ബിജെപി പ്രതിരോധത്തിലാണ്. ഇതു മറികടക്കാന്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുള്ള കേസുകളുമായി ഇ.ഡി. എത്താന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ കണക്ക് കൂട്ടുന്നു. കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
2021 ഏപ്രില്‍ ഏഴിനാണ് കൊടകര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു. തൃശ്ശൂര്‍ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പൊലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തില്‍ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവര്‍ക്ക് കൈമാറിയതായും കണ്ടെത്തിയിരുന്നു.
കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച കാര്‍ തട്ടിക്കൊണ്ടുപോയാണ് മൂന്നരക്കോടി കവര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച ബിജെപിയുടെ പണമാണ് മൂന്നരക്കോടിയെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ 23 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിന്റെ ആദ്യഘട്ടത്തില്‍ തകൃതിയായി നടത്തിയ അന്വേഷണം പിന്നീട് മന്ദഗതിയിലായി. വൈകാതെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. പിന്നാലെ പ്രതികളെല്ലാം ജാമ്യത്തില്‍ ഇറങ്ങി. ഇത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണെന്നാണ് യുഡിഎഫ് ആരോപണം.