കോയിപ്രം കസ്റ്റഡി പീഡനം: ആരോപണ വിധേയനായ പോലീസുകാരനെ ഒടുവില്‍ സ്ഥലം മാറ്റി; സംശയനിഴലിലുള്ള ജില്ലാ പോലീസ് മേധാവിയും സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരനും തുടരുന്നു; സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും തീവ്രശ്രമം

കോയിപ്രം കസ്റ്റഡി പീഡനം: ആരോപണ വിധേയനായ പോലീസുകാരനെ ഒടുവില്‍ സ്ഥലം മാറ്റി

Update: 2025-07-08 09:57 GMT

പത്തനംതിട്ട: കോയിപ്രം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി പീഡനം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പോലീസുകാരനെ സ്ഥലംമാറ്റം. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ജോബിന്‍ ജോണിനെയാണ് ഡി.ഐ.ജിയുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയത്. ആരോപണ വിധേയനായ എസ്.എച്ച്.ഓ ജി. സുരേഷ്‌കുമാറിനെ സസ്പെന്‍ഡ് ചെയ്തിട്ടും ജോബിനെതിരേ നടപടി എടുക്കാതിരുന്നത് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ നിര്‍ണായക റോളാണ് ജോബിനുള്ളത്. ഈ സാഹചര്യത്തില്‍ ഇയാളെ മറ്റ് സ്റ്റേഷനിലേക്ക് മാറ്റുന്നതോ സസ്പെന്‍ഡ് ചെയ്യുന്നതോ അപകടമായിരിക്കുമെന്ന് കരുതിയാണ് എസ്.പി കോയിപ്രത്ത് തുടരാന്‍ അനുവദിച്ചത്. യഥാര്‍ഥത്തില്‍ നടന്നത് എന്താണെന്ന് ജോബിന്‍ പുറത്തു വിട്ടാല്‍ എസ്.പിയെയും അത് ബാധിക്കും.

ജോബിനെ സ്റ്റേഷനില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറി ലക്ഷ്യമിട്ടാണെന്ന് മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മാറ്റം. ഇതേപ്പറ്റി ഡി.ഐ.ജി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റമുണ്ടായിരിക്കുന്നത്. ജോബിനും എസ്.എച്ച്.ഓ ആയിരുന്ന ജി. സുരേഷ്‌കുമാറും ചേര്‍ന്നാണ് കസ്റ്റഡി മര്‍ദനം നടത്തിയതെന്ന് സാക്ഷികളായ അരീഷ്‌കുമാറും അനില്‍കുമാറും ആരോപിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 16 ന് വൈകിട്ടാണ് വരയന്നൂര്‍ സ്വദേശി സുരേഷിനെ കഞ്ചാവ് ബീഡി വലിച്ചുവെന്ന് ആരോപിച്ച് കോയിപ്രം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒപ്പം അവിടെ ഉണ്ടായിരുന്ന അരീഷിനെയും അനില്‍കുമാറിനെയും ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി. സുരേഷിനെ സ്റ്റേഷനില്‍ എത്തിച്ച് സി.സി.ടി.വി കാമറ എത്താത്ത അടുക്കള ഭാഗത്ത് കൊണ്ടു പോയി മര്‍ദിച്ചുവെന്നാണ് സുഹൃത്തുക്കള്‍ പത്രസമ്മേളനം നടത്തി പറഞ്ഞു. ഇവരെയും ഇതേ സ്ഥലത്ത് കൊണ്ടു പോയി മര്‍ദിച്ചിരുന്നു.

മാര്‍ച്ച് 16,19 തീയതികളില്‍ പോലീസ് മര്‍ദനം ഏറ്റ സുരേഷിനെ 22 ന് കോന്നിയിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതും പുറത്ത് ചൂരല്‍ കൊണ്ട് അടിയേറ്റതും കണ്ടെത്തി. കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ച് കോന്നി എസ്.എച്ച്.ഓ നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി പൂഴ്ത്തി. വാര്‍ത്ത പുറത്തു വന്നതോടെ അന്വേഷണം ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നിട് സംസ്ഥാന ക്രൈംബ്രാഞ്ചിനും കൈമാറി. ഇതിനിടെ എസ്.എച്ച്.ഓയെ സസ്പെന്‍ഡ് ചെയ്തുവെങ്കിലും ജോബിനെ നിലനിര്‍ത്തുകയായിരുന്നു. അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ എസ്.പി നടത്തിയ നീക്കമാണ് ഇപ്പോള്‍ തിരിച്ച് അടിച്ചിരിക്കുന്നത്.

ആരോപണ വിധേയനായ എസ്പിയെ നിലനിര്‍ത്തി അന്വേഷണം: അട്ടിമറിക്ക് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും

കോയിപ്രം കസ്റ്റഡി പീഡനം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍ കേസ് അട്ടിമറിക്ക് നേതൃത്വം കൊടുത്ത എസ്.പിയെ നിലനിര്‍ത്തുന്നുവെന്നതാണ് ഏറെ വിചിത്രം. നിലവില്‍ എസ്പി അട്ടിമറിച്ച രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഒന്ന് നോണ്‍ ഐപിഎസ് എസ്.പിയും മറ്റൈാന്ന് ഡിവൈ.എസ്.പിയുമാണ് അന്വേഷിക്കുന്നത്. രണ്ടു പേരും ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിനെക്കാള്‍ റാങ്കില്‍ താഴെയുളളവരാണ്. ഇവരെ വിരട്ടി നിര്‍ത്താനോ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനോ എസ്പിക്ക് കഴിയും. അതു കൊണ്ടു തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാകും. റിപ്പോര്‍ട്ടുകളും എസ്പിക്ക് അനുകൂലമാകും. മന്ത്രി തലത്തില്‍ വന്‍ പിടിപാടാണ് എസ്.പി വി.ജി. വിനോദ്കുമാറിന്. അതു കൊണ്ടു തന്നെ പോക്സോ അട്ടിമറി അടക്കമുള്ള കുറ്റകൃത്യം നടത്തിയിട്ടും എസ്പി സ്ഥാനത്ത് തുടരുകയാണ്. സ്ത്രീ സ്വാതന്ത്ര്യം, പട്ടികജാതിക്കാരുടെ ഉന്നമനം എന്നിവയാണ് സര്‍ക്കാരിന്റെ പരമലക്ഷ്യമെന്നാണ് മന്ത്രിമാരും മുഖ്യമന്ത്രിയും വാതോരാതെ സംസാരിക്കുന്നത്. ഇവിടെയാണ് പോക്സോ അട്ടിമറിയും പട്ടികജാതിക്കാരനെ പോലീസ് മര്‍ദിച്ച സംഭവത്തിലും നേതൃത്വം കൊടുത്ത എസ്.പിയെ സംരക്ഷിക്കുന്നത് എന്നാണ് ഏറെ രസകരം.

കോയിപ്രം കസ്റ്റഡി പീഡനം അന്വേഷണം അട്ടിമറിക്കാന്‍ ഒരു സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെയാണ് നിയോഗിച്ചിരിക്കുന്നത്. കേസിലെ പ്രധാന സാക്ഷികള്‍ വന്‍ തുക ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ദളിത് സംഘടനാ നേതാക്കളെയും അട്ടിമറി നടത്തുന്നതിന് വേണ്ടി ഈ ഉദ്യോഗസ്ഥന്‍ സമീപിച്ചിരുന്നു. എന്നാല്‍, നേതാക്കള്‍ വഴങ്ങിയിട്ടില്ല. സാക്ഷികള്‍ ഏതാണ്ട് പോലീസ് പക്ഷത്തേക്ക് കൂറുമാറിയ നിലയിലാണ്. സ്പെഷല്‍ ബ്രാഞ്ചില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ എട്ടു പോലീസുകാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, കോയിപ്രത്തെ സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരനെ മാറ്റാതിരുന്നത് അട്ടിമറിക്ക് വേണ്ടിയാണെന്ന ആരോപണം ശക്തമാണ്.

Tags:    

Similar News