50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ നിന്നും രക്ഷിച്ച ഉദ്യോഗസ്ഥന്‍; മാമി തിരോധാന കേസ് അന്വേഷണം എസ്.പി പി.വിക്രമനെ ഏല്‍പ്പിക്കാന്‍ അന്‍വര്‍ താല്‍പ്പര്യം കൂട്ടുന്നത് എന്തിന്? ക്രൈംബ്രാഞ്ച് മേധാവിയെ കണ്ടതില്‍ ദുരൂഹത
അന്‍വര്‍ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ എംഎല്‍എയെ അറസ്റ്റില്‍ നിന്നും രക്ഷിച്ചതിന് പിന്നില്‍ വിക്രമനാണെന്ന ആക്ഷേപം നേരത്തെ നിലനില്‍ക്കുന്നുണ്ട്
കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാനം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് എസ്.പി പി.വിക്രമനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ ക്രൈം ബ്രാഞ്ച്് മേധാവിയെ കണ്ടതില്‍ ദുരൂഹതയെന്ന ആക്ഷേപം ശക്തമാകുന്നു. മുന്‍ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി വിക്രമനെ അന്വേഷണം ഏല്‍പ്പിക്കണമെന്നതാണ് അന്‍വറിന്റെ ആവശ്യം. അന്‍വറുമായി വളരെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് പി വിക്രമന്‍. അന്‍വര്‍ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ എംഎല്‍എയെ അറസ്റ്റില്‍ നിന്നും രക്ഷിച്ചതിന് പിന്നില്‍ വിക്രമനാണെന്ന ആക്ഷേപം നേരത്തെ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് അന്‍വര്‍ തന്നെ ഉയര്‍ത്തി കൊണ്ടുവന്ന മാമി തിരോധാന കേസ് അന്വേഷണം ഈ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ ക്രൈംബ്രാഞ്ച് മേധാവിയെ കണ്ടതും.
സി.പി.എം സഹയാത്രികനായ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും ക്രഷര്‍ ബിനിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയ കേസ് സിവില്‍ സ്വഭാവമുള്ളതാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാണ് പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റില്‍ നിന്നും രക്ഷിച്ചെടുത്തത്. അന്ന് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പിയായരുന്നു ഇദ്ദേഹം. മമ്പാട് എം.ഇ.എസ് കോളേജില്‍ അന്‍വറിനൊപ്പം പഠിച്ചയാളാണ് എസ്.പി വിക്രമന്‍. അതുകൊണ്ട് കൂടിയാണ് നിലമ്പൂര്‍ എംഎല്‍എയുടെ ഇപ്പോഴത്തെ നീക്കത്തില്‍ സംശയങ്ങള്‍ ഉയരുന്നതും.
പോലീസിലെ ഒരു വിഭാഗത്തിനെതിരെ നിരന്തരം അധിക്ഷേപങ്ങളുമായി അന്‍വര്‍ രംഗത്തുണ്ട്. ഇതിന് പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരായ ചിലര്‍ ഉണ്ടെന്നാണ് എഡിജിപി അജിത്കുമാര്‍ തന്നെ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്. ഇക്കാരണം കൊണ്ട് കൂടിയാണ് അന്‍വറിന്റെ താല്‍പ്പര്യങ്ങള്‍ ദുരൂഹമായി നില്‍ക്കുന്നതും. പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് മലപ്പുറം എസ്.പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയപ്പോള്‍ ക്രൈം ബ്രാഞ്ച് എസ്.പിയായിരുന്ന വിക്രമനെയും മാറ്റിയിരുന്നു. ഇതോടെ മാമി കേസ് അന്വേഷണ ചുമതലയില്‍ നിന്നും വിക്രമന്‍ മാറി. ഇതോടെയാണ് വിക്രമന് അന്വേഷണ ചുമതല നല്‍കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ ക്രൈം ബ്രാഞ്ച് മേധാവിയെ കണ്ടത്.
അധികാര ദുര്‍വിനിയോഗം നടത്തി അന്‍വറിനെ സഹായിക്കാനാണ് അന്വേഷണോദ്യോഗസ്ഥനായ വിക്രമന്‍ തെളിവുകള്‍ പരിഗണിക്കാതെ കേസ് സിവിലാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ക്രഷര്‍ തട്ടിപ്പിനിരയായ സലീം മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തൃശൂര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വിക്രമനെതിരെ അന്വേഷണം നടത്തുന്നുണ്ട്. പോലീസ് അസോസിയേഷന്‍ യോഗത്തില്‍ പി.വി അന്‍വര്‍ മലപ്പുറം എസ്.പി ശശിധരനെ പരസ്യമായി ആക്ഷേപിച്ചപ്പോള്‍ വേദിയില്‍ ക്രൈം ബ്രാഞ്ച് എസ്.പി വിക്രമനുമുണ്ടായിരുന്നു.
പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ 50 ലക്ഷം രൂപയുടെ ക്രഷര്‍ തട്ടിപ്പ് കേസ് സിവില്‍ സ്വഭാവമുളളതാക്കി മലപ്പുറം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പരാതിക്കാരനായ മലപ്പുറം നടുത്തൊടി സലീം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ പി.വി അന്‍വറിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് ക്രിമിനല്‍ സ്വഭാവമുള്ള വഞ്ചനാകേസ് ക്രൈം ബ്രാഞ്ച് സിവിലാക്കിമാറ്റിയതെന്നാണ് സലീമിന്റെ ആരോപണം. മഞ്ചേരി സി.ജെ.എം കോടതി ഉത്തരവ് റദ്ദാക്കി ശരിയായ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ സിവില്‍ സ്വഭാവമെന്നും കാണിച്ച് ക്രൈം ബ്രാഞ്ച് ക്രൈം ബ്രാഞ്ച് മലപ്പുറം എസ്.പി പി. വിക്രമന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മുന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്.രശ്മി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി.വി അന്‍വര്‍ മലപ്പുറം സ്വദേശിയായ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.
തട്ടിപ്പിനിരയായ സലീമിനെ വഞ്ചിക്കാന്‍ പി.വി അന്‍വറിന് ഉദ്ദേശ്യമില്ലായിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നു വ്യക്തമാക്കിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. ക്രഷറിന്റെ ഉടമസ്ഥാവകാശം പി.വി അന്‍വറിനാണെന്ന് തെളിയിക്കുന്നതടക്കമുള്ള ഒരു രേഖകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും അന്ന് കോടതി വിലയിരുത്തിയിരുന്നു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയപ്പോള്‍ പ്രഥമദൃഷ്ട്യാ വഞ്ചനനടത്തിയെന്നാണ് ബോധ്യപ്പെടുന്നതെന്നാണ് വിക്രമന്‍ കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന്‍ തന്നെയാണ് രണ്ടാമതും സിവില്‍ സ്വഭാവമെന്നും കാണിച്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെയാണ് കേസില്‍ അന്‍വറിന് രക്ഷയായതും. പരാതിക്കാരന് ഇനി സ്വകാര്യ അന്യായം ഫയല്‍ ചെയ്യാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഉത്തരവിനെതിരെ സലീം ഹൈക്കോടതിയെ സമീപിച്ചത്.
മഞ്ചേരി സി.ജെ.എം കോടതി സിവില്‍ സ്വഭാവമുള്ള കേസെന്ന് ഉത്തരവിട്ട കേസ് നേരത്തെ രണ്ടു തവണ ഹൈക്കോടതി ക്രിമിനല്‍ സ്വഭാവമുള്ളതാണെന്നു വിലയിരുത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സി.പി.എം സഹയാത്രികനായ സലീം തട്ടിപ്പിനിരയായതോടെ ആദ്യം പരാതി നല്‍കിയത് 2017 ഫെബ്രുവരി 17ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടിയായ കോടിയേരി ബാലകൃഷ്ണനായിരുന്നു. പാര്‍ട്ടി നേതൃത്വം ഇടപെട്ടിട്ടും പരിഹാരം ഇല്ലാഞ്ഞതോടെയാണ് മഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല.
ഇതോടെ മഞ്ചേരി സി.ജെ.എം കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. ഐ.പി.സി 420 പ്രകാരം വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പി.വി അന്‍വര്‍ എം.എല്‍.എയെ പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എം.എല്‍.എയെ അറസ്റ്റില്‍ നിന്നും രക്ഷിക്കാന്‍ കേസ് സിവില്‍ സ്വഭാവമെന്നു കാണിച്ച് പോലീസ് മഞ്ചേരി സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനെതിരെ സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാണ് ഹൈക്കോടതി 2018 നവംബര്‍ 13ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
എം.എല്‍.എയായ പി.വി അന്‍വര്‍ പരാതിക്കാരനില്‍ 50 ലക്ഷം വാങ്ങിയതായും കരാര്‍ ഉണ്ടാക്കിയതായും സമ്മതിച്ചതായി വിലയിരുത്തിയാണ് ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നു കാണിച്ച് പി.വി അന്‍വര്‍ പുനപരിശോധനഹാര്‍ജി സമര്‍പ്പിച്ചെങ്കിലും അതു തള്ളിയ ഹൈക്കോടതി എം.എല്‍.എ പ്രതിയായ ഗൗരവകരമായ സാമ്പത്തിക തട്ടിപ്പാണെന്നും വിലയിരുത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ 2018 ഡിസംബര്‍ 5ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെ ക്രൈം ബ്രാഞ്ച് പി.വി അന്‍വറിനെ രക്ഷിക്കാന്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ സലീം മഞ്ചേരി സി.ജെ.എം കോടതിയെ സമീപിക്കുകയും കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കുകയും ചെയ്തിരുന്നു.
ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുന്‍ ഉടമസ്ഥനായിരുന്ന ഇബ്രാഹിമിന്റെ മൊഴി. ഈ മൊഴി അടക്കം ചൂണ്ടികാട്ടി പി.വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്ന് 2021 സെപ്തംബര്‍ 30ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വഞ്ചനാകുറ്റത്തിന് ഐ.പി.സി 420 പ്രകാരം ജാമ്യമില്ലാവകുപ്പില്‍ ഏഴു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അന്‍വറിനെതിരെ ചുമത്തിയിരുന്നത്. കേസില്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന ഘട്ടത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് സിവില്‍ സ്വഭാവമെന്ന് രണ്ടാമതും റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരായ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ്. ഇതിനിടെയാണ് അന്‍വര്‍ മാമി കേസില്‍ തന്റെ അടുപ്പക്കാരനായ അന്വേഷണ ഉദ്യോഗസ്ഥന് വേണ്ടി രംഗത്തുവരുന്നതും.
അതേസമയം മാമിയുടെ തിരോധാനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് അതൃപ്തിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡി.ജി.പി വിലക്കിയിട്ടും റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി. അജിത് കുമാര്‍ വഴി അയക്കുന്നത് തുടര്‍ന്നതാണ് അതൃപ്തിക്കിടയാക്കിയത്. മലപ്പുറം മുന്‍ എസ്.പി. ശശിധരനും കോഴിക്കോട് കമ്മിഷണറുമാണ് നിര്‍ദേശം അവഗണിച്ച് ആരോപണ വിധേയനായ എ.ഡി.ജി.പി. വഴി റിപ്പോര്‍ട്ടുകള്‍ അയച്ചത്. ഇതുസംബന്ധിച്ച ഇരുവരോടും വിശദീകരണം തേടാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കി.
മലപ്പുറം എസ്.പി.യുടെ കീഴിലുള്ള സ്‌ക്വാഡും കോഴിക്കോട് കമ്മീഷണറുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിച്ചിരുന്നത്. പി.വി. അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ, തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ ഫയലുകള്‍, റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി. അജിത് കുമാര്‍ മുഖേന ഡി.ജി.പിക്ക് അയക്കരുതെന്നും ഡി.ഐ.ജിയോ ഐ.ജിയോ വഴി റിപ്പോര്‍ട്ട് അയക്കാനായിരുന്നു ഡി.ജി.പിയുടെ നിര്‍ദേശം. എന്നാല്‍ നിര്‍ദേശം അവഗണിച്ചു കൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണനും അന്നത്തെ മലപ്പുറം എസ്.പി. ശശിധരനും റിപ്പോര്‍ട്ടുകള്‍ എം.ആര്‍. അജിത് കുമാര്‍ വഴി അയച്ചു കൊണ്ടിരുന്നുവെന്നാണ് വിവരം. നിലവില്‍ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോള്‍ ഡിജിപിക്ക് അതൃപ്തി.
തിരുവോണം പ്രമാണിച്ച് നാളെ ( 15.09.2024)ഓഫീസിന് അവധി ആയതിനാല്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല- എഡിറ്റര്‍.