പ്രൊഫൈൽ പിക്കിൽ ബ്രസീലിയൻ മോഡൽ; ആദ്യ കാഴ്ച്ചയിൽ തന്നെ റിക്വസ്റ്റ് അയക്കും; പ്രധാനമായും ആകർഷിച്ചത് യുവതികളെ; സൗഹൃദം സ്ഥാപിച്ച് ചതിയിൽ വീഴ്ത്തി; ഡേറ്റിങ് ആപ്പ് വഴി സ്വകാര്യ ദൃശ്യങ്ങളും കൈക്കലാക്കി; നിരവധി സ്ത്രീകളെ പറ്റിച്ചു; വ്യാജഐഡി വെച്ച് 23-കാരൻ തട്ടിപ്പ് നടത്തിയത് ഇങ്ങനെ!

Update: 2025-01-04 10:43 GMT

ഡല്‍ഹി: സോഷ്യൽ മീഡിയ ഉപയോഗിച്ച് ഇപ്പോൾ തട്ടിപ്പ് നടത്തുന്നത് വർധിക്കുകയാണ്. അവരെ പറഞ്ഞ് വിശ്വസിപ്പിച്ച് പണം കൈക്കലാക്കിയ ശേഷം മുങ്ങുന്നു. ഇപ്പോൾ സമൂഹത്തിൽ ഓൺലൈൻ വഴിയാണ് കൂടുതൽ സ്കാമും നടക്കുന്നത്. അതുപോലൊരു സംഭവമാണ് ഇപ്പോൾ ഡൽഹിയിൽ നടന്നിരിക്കുന്നത്. പ്രതി വ്യാജ പ്രൊഫൈൽ ക്രീയേറ്റ് ചെയ്ത് യുവതികളെ വലയിൽ ആക്കുന്നതായിരുന്നു പ്രധാന കുറ്റം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.

നവമാധ്യമങ്ങൾ വഴി സ്ത്രീകളുടെ സ്വകാര്യദൃശ്യം കൈക്കലാക്കി അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ പ്രധാന രീതി. യുഎസ് മോഡലായി ചമഞ്ഞായിരുന്നു തട്ടിപ്പ്. ഡല്‍ഹി സ്വദേശിയായ 23-കാരന്‍ തുഷാര്‍ സിങ് ബിഷ്താണ് അറസ്റ്റിലായത്. 700-ലധികം സ്ത്രീകളെയാണ് പ്രതി പറ്റിച്ചത് എന്നാണ് വിവരങ്ങൾ.

സ്‌നാപ്ചാറ്റും ഡേറ്റിങ് ആപ്പായ ബംബിളും വഴിയായിരുന്നു ഇയാൾ എപ്പോഴും തട്ടിപ്പ് നടത്തുന്നത്. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ ആ നമ്പറുപയോഗിച്ചാണ് വ്യാജ പ്രൊഫൈലുണ്ടാക്കിയത്. ഇന്ത്യ സന്ദര്‍ശിക്കാനായി എത്തിയ യു.എസ്. മോഡല്‍ എന്ന നിലയിലായിരുന്നു പ്രൊഫൈല്‍. ബ്രസീലിയന്‍ മോഡലായ ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ വ്യാജപ്രൊഫൈലില്‍ ഉപയോഗിച്ചു വന്നത്.

ഈ വ്യാജപ്രൊഫൈലിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു.18 മുതല്‍ 30 വയസ്സുവരെയുള്ള യുവതികളെകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഈ യുവതികളുടെ ഫോണ്‍ നമ്പറും സ്വകാര്യ ഫോട്ടോസും വീഡിയോസുമുള്‍പ്പടെ പ്രതി സംഘടിപ്പിക്കും.

സ്‌നാപ്ചാറ്റ് വഴിയും മറ്റുമയക്കുന്ന ദൃശ്യങ്ങള്‍ ഇവരറിയാതെ ഇയാള്‍ തന്റെ ഫോണില്‍ സേവ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങളുപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്താനാരംഭിച്ചു. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുമെന്നും ഡാര്‍ക്ക് വെബ്ബിന് വില്‍ക്കുമെന്നുമായിരുന്നു ഭീഷണി.

ബംബിള്‍ വഴി 500 സ്ത്രീകളെയും സ്‌നാപ്ചാറ്റും വാട്‌സാപ്പും വഴി 200 സ്ത്രീകളെയും ഇയാള്‍ തട്ടിപ്പിനിരയാക്കി എന്ന് പോലീസ് പറയുന്നു. ഈ യുവതികളിലൊരാള്‍ പോലീസില്‍ പരാതിപ്പെടുന്നതോടെയാണ് പ്രതി കുടുങ്ങുന്നത്.

Tags:    

Similar News