ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും എംഡിഎംഎ സപ്ലൈ ചെയ്യുന്ന പ്രധാനി; ചിറയിന്‍കീഴില്‍ ലഹരി പിടികൂടിയ കേസിന്റെ തുമ്പില്‍ പിടിച്ച് കേരള പൊലീസ് കുരുക്കിയത് പത്തനംതിട്ടക്കാരനായ സംഘത്തലവനെ; ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ ഇന്നലെ മാത്രം അറസ്റ്റിലായത് 232 പേര്‍
ബെംഗളൂരുവിലെത്തി കേരള പൊലീസ് പിടികൂടിയത് ലഹരി സംഘത്തലവനെ
ബെംഗളൂരു: ചിറയിന്‍കീഴില്‍ കഴിഞ്ഞ വര്‍ഷം 127 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ നടത്തിയ അന്വേഷണത്തില്‍ കേരള പൊലീസ് ബെംഗളൂരുവില്‍ വലയിലാക്കിയത് ലഹരി സംഘത്തലവനെ. പത്തനംതിട്ട കരിമ്പാനക്കുഴിയില്‍ പനച്ചകുഴി കുറന്തറ വീട്ടില്‍ അലന്‍ ഫിലിപ്പ്(വയസ്സ് 25) ആണ് പിടിയിലായത്. അറസ്റ്റിലായ പ്രതി അലന്‍ ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും എംഡിഎംഎ സപ്ലൈ ചെയ്യുന്നതിലെ പ്രധാനിയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിലാണ് ലഹരി സംഘത്തിലെ പ്രധാനിയെ പിടികൂടാന്‍ സാധിച്ചത്.
ലഹരിക്കെതിരെ കേരള പോലീസ് നടത്തിവരുന്ന 'ഓപ്പറേഷന്‍ ഡി ഹന്‍ഡിന്റെ' ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ആണ് ഇയാളും ഇപ്പോള്‍ പിടിയില്‍ ആയത്. ചിറയിന്‍കീഴ് പൊലീസ് ഇന്‍സ്പെക്ടര്‍ വി എസ് വിനീഷ്, ഡാന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ ബി. ദിലീപ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആയ സുനില്‍രാജ്, വിഷ്ണു എന്നിവര്‍ ബെംഗളൂരു എത്തിയാണ് പ്രതിയെ പിടികൂടിയത്.
2024 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് 127 ഗ്രാം എം ഡി എം എ യുമായി രണ്ട് പ്രതികളെ ടാന്‍സാഫും ചിറയിന്‍കീഴ് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ ആണ് ഇയാളെ ഇപ്പോള്‍ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. ലഹരി കടത്തുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടിലും കേസ് നിലവില്‍ ഉണ്ട്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദര്‍ശനന്‍ ഐ പി എസ്സിന്റെ നിര്‍ദ്ദേശാനുസരണം നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ്സ് പി കെ. പ്രദീപ് ആറ്റിങ്ങല്‍ ഡി വൈ എസ്സ് പി മഞ്ജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിശക്തമായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആണ് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് നടപ്പിലാക്കി വരുന്നത്.
ഓപ്പറേഷന്‍ ഡി-ഹണ്ട്
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 22) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2703 പേരെ പരിശോധിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0253 കിഗ്രാം), കഞ്ചാവ് (7.315 കി.ഗ്രാം), കഞ്ചാവ് ബീഡി (159 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 22ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.