തൃപ്പൂണിത്തുറയിലെ മിഹിറിന്റെ മരണത്തില്‍ സ്‌കൂളിന് ക്ലീന്‍ചിറ്റ് നല്‍കി പോലീസ് റിപ്പോര്‍ട്ട്; ജീവനൊടുക്കാന്‍ കാരണം റാഗിങ് അല്ലെന്ന് കണ്ടെത്തല്‍; 15കാരന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താതെ പോലീസ്; ദുരൂഹതകളിലേക്ക് നീളാതെ അന്വേഷണം

തൃപ്പൂണിത്തുറയിലെ മിഹിറിന്റെ മരണത്തില്‍ സ്‌കൂളിന് ക്ലീന്‍ചിറ്റ് നല്‍കി പോലീസ് റിപ്പോര്‍ട്ട്

Update: 2025-04-22 02:13 GMT

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത കേസില്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിന് ക്ലീന്‍ചിറ്റ് നല്‍കി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പുതിയൊരു അധ്യായനകാലം വരാനിരിക്കേയാണ് മിഹിറിന്റെ മരണത്തില്‍ സ്‌കൂളിന് പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. സ്‌കൂളില്‍ നടന്ന റാഗിങ്ങിനെ പറ്റി അന്വേഷിച്ച പുത്തന്‍ കുരിശ് പൊലീസാണ് റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മിഹിറിന്റെ ആത്മഹത്യയ്ക്ക് കാരണം റാഗിങ്ങ് അല്ല. സ്‌കൂളില്‍ റാഗിങ് നടന്നിട്ടില്ലെന്നുമാണ് പുത്തന്‍ കുരിശ് പൊലീസിന്റെ അന്വേഷണത്തിലെ കകണ്ടെത്തല്‍. അതേസമയം കുട്ടി ആത്മഹത്യ ചെയ്യാന്‍ ഇടയായ സാഹചര്യം എന്തെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം കേസില്‍ തൃപ്പൂണിത്തുറ പൊലീസിന്റെ അന്വേഷണം എങ്ങും എത്തിയിട്ടില്ല. മിഹിര്‍ സ്‌കൂളില്‍ കടുത്ത റാഗിങ്ങിന് വിധേയനായിട്ടുണ്ടെന്നാണ് മാതാവ് നല്‍കിയ പരാതിയില്‍ ആരോപിച്ചത്. ഇത് പ്രകാരമാണ് അന്വേഷണം മുന്നോട്ടു പോയതും. ജനുവരി 15നാണ് 26 നിലയുള്ള ചോയ്‌സ് പാരഡൈസിന്റെ മുകളില്‍ നിന്ന് ചാടി 15 വയസുകാരന്‍ മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയത്. സലീം-റജീന ദമ്പതികളുടെ മകനാണ് മിഹിര്‍. മകന്റെ മരണവുമായി ബന്ധപ്പെട്ട് പരാതിയുമായി മാതാവ് രംഗത്തെത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ബസില്‍ വച്ചും സ്‌കൂളിലെ ടോയ്ലറ്റില്‍ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ടോയ്ലറ്റിലെ ക്ലോസറ്റില്‍ മുഖം പൂഴ്ത്തി ഫ്‌ലഷ് ചെയ്തുവെന്നും, തറയില്‍ നക്കിക്കുകയും ക്രൂരമായി മര്‍ദിച്ചുവെന്നും കുടുംബം ആരോപിച്ചുരുന്നു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായില്ലെന്നും പരാതിയുണ്ട്. മിഹിറിന്റെ മരണം പോലും വിദ്യാര്‍ഥികള്‍ ആഘോഷിച്ചുവെന്നും കുടുംബം ആരോപിച്ചു. വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള അമ്മ റജീനയുടെ ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഇതിനിടെ തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവും പരാതി നല്‍കിയിരുന്നു. മിഹിറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂളില്‍ നിന്നെത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പിതാവ് മലപ്പുറം തിരൂര്‍ താനാളൂര്‍ മാടമ്പാട്ട് ഷഫീഖ്ആവശ്യപ്പെട്ടിരുന്നു. മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അത് എന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്ളാറ്റില്‍ ഉണ്ടായിരുന്നു എന്ന് അറിയണമെന്നും ഷഫീഖ് ആവശ്യപ്പെട്ടിരുന്നു.

അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ താമസിക്കുന്ന മകന്‍ തന്നോട് സ്ഥിരമായി ആശയവിനിമയം നടത്താറുണ്ടെന്നും എന്തെങ്കിലും പ്രശ്നമുള്ളതായി മകന്‍ പറഞ്ഞിട്ടില്ലെന്നും പിതാവ് പറയുന്നു. സന്തോഷവാനായി വീട്ടിലെത്തിയ മകന്‍ ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന് കണ്ടെത്തണമെന്നും തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് നല്‍കിയ പരാതിയില്‍ പിതാവ് ഷഫീഖ് മാടമ്പാട്ട് പഞ്ഞത്. നിലവില്‍ തൃപ്പൂണിത്തുറ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അന്വേഷണം നടത്തുന്നത്. റാഗിങ് പരാതിയില്‍ പുത്തന്‍കുരിശ് പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഇതില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇനി പുറത്തുവരേണ്ടത്.

മിഹിറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പിതാവ് പുറത്തുവിട്ടു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് മിഹിര്‍ ചാറ്റില്‍ പറയുന്നുണ്ട്. മകന്‍ വിഷാദത്തിലായിട്ടും കൗണ്‍സിലിങ് നല്‍കിയില്ലെന്നും ജെംസ് സ്‌കൂളില്‍ നിന്ന് മിഹിറിനെ മാറ്റിയത് അവന്റെ താത്പര്യമില്ലാതെയാണെന്നും അക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും പിതാവ് പറയുന്നു. മിഹിറിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഷഫീഖ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News