വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു; ഒടുവില്‍ പരിചരിക്കാന്‍ കഴിയാതെ വന്നതോടെ കടുംകൈ; കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കഴുത്തുഞെരിച്ചു കൊന്ന സഹോദരന്‍ പ്രമോദ് തലശേരി കുയ്യാലി പുഴയില്‍ മരിച്ച നിലയില്‍
സഹോദരിമാരെ കഴുത്തുഞെരിച്ചു കൊന്ന സഹോദരന്‍ പ്രമോദ് തലശേരി കുയ്യാലി പുഴയില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: കരിക്കാംകുളത്ത് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരന്‍ തലശേരി കുയ്യാലി പുഴയില്‍ ജീവനൊടുക്കിയ നിലയില്‍. പ്രമോദി (60)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോട്ടോയില്‍ ബന്ധുക്കള്‍ പ്രമോദിനെ തിരിച്ചറിഞ്ഞതായി ചേവായൂര്‍ സിഐ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തടമ്പാട്ടുത്താഴത്തെ വീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാരായ ശ്രീജയ (72), പുഷ്പ (68) എന്നിവരുടെ കൊലപാതകത്തിന് ശേഷം നടന്നു പോകുന്ന പ്രമോദിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. പ്രമോദിന്റേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സഹോദരിമാരും പ്രമോദും ഏറെ സ്‌നേഹത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കഴുത്ത് ഞെരിച്ചാണ് സഹോദരിമാരുടെ മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. സഹോദരിമാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാലാകാം പ്രമോദ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു മൃതദ്ദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം നടത്തിയിരുന്നത്. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലായിരുന്നു.
രണ്ട് പേരും ശ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. ശ്രീജയ മരിച്ചുവെന്നു പ്രമോദ് ബന്ധു ശ്രീജിത്ത് ബാബുവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്നു ശ്രീജിത്തും ബന്ധുക്കളും ആറോടെ വീട്ടില്‍ എത്തിയപ്പോഴാണു രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുകയായിരുന്നു പ്രമോദ്. വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്.